m-padmakumar-

ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്‌സ്' നിറഞ്ഞ സദസിൽ തീയേറ്ററുകളിൽ മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം കണ്ട എല്ലാവരും പറയുന്നത്. 13പേരെ മരണത്തിലേക്ക് വലിച്ചടുപ്പിച്ച ഗുണ കേവിൽ നിന്ന് തന്റെ സുഹൃത്തിന്റെ കൈ പിടിച്ച് ജീവിതത്തിലേക്ക് കയറിവന്ന സുഭാഷിന്റെ കഥയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന സിനിമയായി നമ്മുടെ മുന്നിലേക്ക് എത്തിയത്. മഞ്ഞുമ്മല്‍ ബോയ്സിലെ ഗുണ കേവിനെയും ഡെവിൾസ് കിച്ചനെയും ആ വീര നായകൻമാരെയുമെല്ലാം ഈ ചിത്രത്തിൽ നമുക്ക് കാണാം.

ചിത്രത്തിലെ അപകടകരമായ രംഗങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. വർഷങ്ങൾക്ക് മുൻപ് കമലഹാസൻ അഭിനയിച്ച 'ഗുണ' എന്ന ചിത്രത്തിൽ നായികയെ തട്ടിക്കൊണ്ടുപോയി താമസിപ്പിക്കുന്ന സ്ഥലാണ് മുൻപ് ഡെവിൾസ് കിച്ചനെന്നും സിനിമയ്ക്ക് ശേഷം ഗുണ കേവ് എന്നും അറിയപ്പെടുന്നത്.

എം പദ്‌മകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ 'ശിക്കാർ' എന്ന സിനിമയുടെ ക്ലെെമാക്സും ഇതേ ഗുണ കേവിലാണ് ഷൂട്ട് ചെയ്തതെന്ന് അധികമാർക്കും അറിയില്ല. മോഹൻലാലിന്റെ മകളായി അഭിനയിച്ച അനന്യയെ വില്ലൻ പിടിച്ചുകെട്ടി ഇടുന്നത് ഗുണ കേവിലാണ്. ഡ്യൂപ്പ് പോലും ഇല്ലാതെയാണ് അനന്യയും മോഹൻലാലും ആ രംഗങ്ങൾ അഭിനയിച്ചത്. വളരെ അപകടം പിടിച്ച ആ ക്ലെെമാക്സ് രംഗം ഷൂട്ട് ചെയ്ത അനുഭവം അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ എം പദ്മകുമാർ പങ്കുവച്ചിരുന്നു.

'ഞാൻ സംവിധാനം ചെയ്ത ശിക്കാർ എന്ന സിനിമയുടെ ക്ലെെമാക്സ് ഷൂട്ട് ചെയ്തത് കെൊടെെക്കനാലിലെ ഗുണ കേവിലാണ്. അതുപോലെ ഒരു സ്ഥമാണ് ക്ലെെമാക്‌സിന് വേണ്ടിയിരുന്നത്. ത്യാഗരാജൻ മാസ്റ്റർ ആണ് ആക്ഷൻ ഡയറക്ടർ. അദ്ദേഹമാണ് ഈ സ്ഥലം കണ്ടുപിടിക്കുന്നത്. കമലഹാസന്റെ ഗുണ അവിടെയാണ് ചിത്രീകരിച്ചത് എന്ന് ഞങ്ങൾ മനസിലാക്കി. അവിടെ പോയി വിഡിയോ എടുത്തുകൊണ്ടുവന്ന് എന്നെയും ലാലേട്ടനെയുമൊക്കെ കാണിച്ചു. ഇവിടെ ഫൈറ്റ് ഒന്നും അങ്ങനെ ഷൂട്ട് ചെയ്തിട്ടില്ല, അധികം ആരും ഷൂട്ട് ചെയ്തിട്ടില്ലാത്ത സ്ഥലമാണ്. അവിടെ ചെന്നപ്പോഴാണ് ഇത്രയും അപകടം പിടിച്ച സ്ഥലം ആണെന്ന് അറിയുന്നത്. ത്യാഗരാജൻ സാറിന്റെ ധെെര്യത്തിലാണ് അവിടെതന്നെ ക്ലെെമാക്സ് ഷൂട്ട് ചെയ്തത്. ഡ്യൂപ്പ് പോലും ഇല്ലാതെയാണ് അനന്യയും മോഹൻലാലും ആ രംഗങ്ങൾ അഭിനയിച്ചത്. ഒരുപാട് മുൻകരുതൽ എടുത്താണ് ഷൂട്ട് ചെയ്തത്'.- എം പദ്മകുമാർ പറഞ്ഞു.