
തിരുവനന്തപുരം ഫെബ്രുവരിയിലെ റേഷൻ വിതരണം ഇന്ന് വരെ നീട്ടിയതായി മന്ത്രി ജി. ആർ അനിൽ അറിയിച്ചു. എല്ലാ മാസവും റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് അപ്‌ഡേഷനായി അനുവദിക്കുന്ന അവധി ഇത്തവണ മാർച്ച് രണ്ട്, ശനിയാഴ്ച ആയിരിക്കും.
മാർച്ച് മാസം നീല കാർഡുടമകൾക്ക് നിലവിലെ വിഹിതത്തിനു പുറമെ ഒരു കാർഡിന് 4 കിലോ അരിയും വെള്ളകാർഡിന് 5 കിലോ അരിയും 10.90 പൈസ നിരക്കിൽ നൽകും.
അതേസമയം, ഈ മാസം ഏഴിന് റേഷൻ കടകൾ അടച്ച് സെക്രട്ടേറിയറ്റ് ധർണ നടത്തുന്ന സമരത്തിൽ നിന്നു പിന്മാറില്ലെന്നു റേഷൻ വ്യാപാരികളുടെ 4 സംഘടനകൾ ഉൾപ്പെട്ട റേഷൻ ഡീലേഴ്സ് കോഓർഡിനേഷൻ സംസ്ഥാന സമിതി തീരുമാനിച്ചു. മന്ത്രി ജി.ആർ.അനിൽ വിളിച്ചു ചേർത്ത ചർച്ച അനുരഞ്ജന ചർച്ച ഇന്നലെ പരാജയപ്പെട്ട സാഹചര്യത്തിലാണിത്.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടിയു) എന്നിവരാണ് സമരത്തിൽ പങ്കെടുക്കുക. സാമ്പത്തിക പരിമിതി കാരണം വേതന പാക്കേജ് ഉടൻ പരിഷ്‌കരിക്കാനാവില്ലെന്ന് മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.