
മസ്ക്കറ്റ്: ഭാവിയിലെ വികസന നേട്ടങ്ങൾ ലക്ഷ്യം വച്ച് വമ്പൻ നിക്ഷേപത്തിനൊരുങ്ങി ഒമാൻ. 2040ഓടെ രാജ്യത്തെ ടൂറിസം മേഖലയിൽ 590 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം അറിയിച്ചു. നാഷണൽ ടൂറിസം സ്ട്രാറ്റജി 2040ന്റെ ഭാഗമായാണ് നിക്ഷേപം നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒമാന്റെ പുതിയ നിക്ഷേപ തീരുമാനം തങ്ങൾക്ക് നേട്ടമാകുമോ എന്ന പ്രതീക്ഷയിലാണ് പ്രവാസ ലോകം.
ടൂറിസം സൗഹൃദ സംരംഭങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ 360 പദ്ധതികളിൽ നിക്ഷേപം നടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പൈതൃക കേന്ദ്രങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2050 ലെ നെറ്റ്സീറോ എമിഷൻ ലക്ഷ്യത്തിലേക്കും നിക്ഷേപങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടൂറിസം മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി അസ്സാൻ ബിൻ കാസിം അൽ ബുസൈദി പറഞ്ഞു.
ഒമാനിൽ ഞായറാഴ്ച ആരംഭിച്ച വേൾഡ് ട്രാവൽ വീക്ക്- മിഡിൽ ഈസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വമ്പൻ നിക്ഷേപ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയത്. സാഹസികതയിലും ആഡംബര ടൂറിസത്തിലും വിദഗദ്ധരായ കമ്പനികൾക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള എതിരാളികളെ കാണാനും മസ്‌കറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശനങ്ങൾ നടത്താനും അവസരമൊരുക്കുന്നതിനാണ് മന്ത്രാലയം വേൾഡ് ട്രാവൽ വീക്കിന്റെ മൂന്നാം പതിപ്പിന് ആതിഥേയത്വം വഹിച്ചതെന്ന് ടൂറിസം പ്രൊമോഷൻ ഡയറക്ടർ ജനറൽ പറഞ്ഞു.
അതേസമയം, രാജ്യത്ത് വരും വർഷങ്ങളിൽ വരുന്ന കോടികളുടെ നിക്ഷേപം പ്രവാസികൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം വികസനത്തിന് വേണ്ടി ആരംഭിക്കുന്ന പദ്ധതികളിലെ തൊഴിലവസരങ്ങൾ പ്രവാസികളെ തേടിയെത്തുമെന്ന് കരുതുന്നു. എന്നാൽ രാജ്യത്ത് സ്വദേശിവത്കരണം ശക്തമാക്കാനുള്ള നടപടികളും ഒമാൻ ഒരുഭാഗത്ത് നടപ്പാക്കുന്നുണ്ട്. ചില തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി തൊഴിൽ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഈ മേഖലയിൽ വിദേശികൾക്ക് പുതിയ വിസകൾ അനുവദിക്കില്ലെന്നാണ് മന്ത്രാലയം അറിയിച്ചത്.