cow

റാന്നി: കന്നുകാലികൾ മേയുന്നത് നടുറോഡിൽ. ഇവയ്ക്കിടയിലൂടെ വേണം യാത്രക്കാർക്ക് പോകാൻ. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി ഇലവുങ്കൽ റോഡിലെ കാഴ്ചയാണിത്. പെരുനാട് കൂനംകര മുതൽ ളാഹ വരെ റോഡിൽ കന്നുകാലികളെ കാണാം.

വാഹനയാത്രയ്ക്ക് തടസമായിട്ടും അധികൃതർ പരിഹാരം കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ ഇതുവഴിവന്ന ഇരുചക്ര വാഹന യാത്രക്കാർ വളവിൽ വച്ച് കന്നുകാലിയെ ഇടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. പരിക്കേറ്റ യാത്രക്കാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തോട്ടം മേഖല ഉൾപ്പെട്ട പ്രദേശമാണിത്. ഇവിടെയുള്ള നിരവധി പേർ കന്നുകാലികളെ വളർത്തുന്നുണ്ട്.

മേയാനായി രാവിലെ ഇവയെ അഴിച്ചുവിടുകയാണ് പതിവ്. തീറ്റ തേടിയ ശേഷം രാത്രി വൈകി ഇവ തിരിച്ചെത്തും. കറവ കഴിയുമ്പോൾ വീണ്ടും മേയാൻ പോകും. ഇതിനിടയിലുള്ള സമയം പലപ്പോഴും റോഡിലാകും ഇവയുടെ താവളം. ശബരിമല തീർത്ഥാടന കാലത്തുപോലും ഇതാണ് സ്ഥിതി. ഹോൺ മുഴക്കിയാലും കന്നുകാലികൾ റോഡിൽ നിന്ന് മാറില്ല. വാഹനങ്ങൾ കണ്ട് പരിചയമായ കന്നുകാലികൾ മാറാൻ മടിക്കും. യാത്രക്കാർ ഇറങ്ങി ഇവയെ മാറ്റണം. രാത്രിയിൽ ഇത് ഏറെ ബുദ്ധിമുട്ടാണ്. ഇവയ്ക്കിടയിലൂടെ സ്ഥലമുണ്ടാക്കി മെല്ലെ വേണം പോകാൻ.

വളവുകളിൽ കിടക്കുന്ന കന്നുകാലികളാണ് അപകട ഭീഷണി. പെട്ടെന്ന് വാഹനയാത്രക്കാർ ഇത് ശ്രദ്ധിക്കില്ല. വേഗതയിൽ വരുന്ന വാഹനങ്ങൾ കന്നുകാലികളെ രക്ഷിക്കാൻ പെട്ടെന്ന് നിറുത്തുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. അധികൃതർ ഇടപെട്ട് ഇതിന് ശ്വാശ്വത പരിഹാരം ഉണ്ടാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സമീപവാസികളുടെയും യാത്രക്കാരുടെയും ഒപ്പു ശേഖരണം ആരംഭിച്ചിട്ടുണ്ട്.