
മുംബയ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്‌നാവിസ്, അജിത് പവാർ എന്നിവരെ തന്റെ വസതിയിലേക്ക് ക്ഷണിച്ച് മുതിർന്ന എൻസിപി നേതാവ് ശരദ് പവാർ. ബാരാമതിയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ ശനിയാഴ്ച ഉച്ചഭക്ഷണത്തിനാണ് നേതാക്കളെ ക്ഷണിച്ചിരിക്കുന്നത്.
ബാരാമതി മണ്ഡലത്തിൽ വിവിധ പരിപാടികൾ ഉദ്‌ഘാടനം ചെയ്യുന്നതിനായി നേതാക്കൾ എത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്ഷണം. 'സംസ്ഥാനത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഷിൻഡേ ആദ്യമായാണ് ബാരാമതിയിലേക്കെത്തുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം എത്തുന്നതിൽ അതീവ സന്തോഷമുണ്ട്. മറ്റ് ക്യാബിനറ്റ് അംഗങ്ങൾക്കൊപ്പം വസതിയിൽ വിരുന്നിനുള്ള ക്ഷണം സ്വീകരിക്കണം.' - എന്നാണ് ക്ഷണക്കത്തിൽ പറഞ്ഞിരിക്കുന്നത്.
ശരദ് പവാർ സ്ഥാപിച്ച എൻസിപി പിളർത്തി ബിജെപി - ഷിൻഡേ വിഭാഗത്തിൽ അജിത് പവാർ ചേർന്നതിന് പിന്നാലെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. അതിനിടയിൽ, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ മകൾ മത്സരിക്കുന്ന ബാരാമതി മണ്ഡലത്തിൽ അജിതിന്റെ ഭാര്യ സുനേത്ര പവാർ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് ശരദ് പവാറിന്റെ പുതിയ നീക്കം.
മാസങ്ങൾ നീണ്ട രാഷ്ട്രീയ തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കുമൊടുവിൽ അജിത് പവാർ വിഭാഗം എൻസിപിയാണ് യഥാർത്ഥ എൻസിപിയെന്ന് അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും അജിത് പവാറിന് സ്വന്തമായിരുന്നു. തീരുമാനമെടുക്കാൻ പാർട്ടി എംഎൽഎമാരുടെ പിന്തുണയാണ് പ്രധാന മാനദണ്ഡമാക്കിയതെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.