
വിവാഹത്തെക്കുറിച്ചുളള യുവാക്കളുടെ സങ്കൽപ്പങ്ങൾ കേട്ടാൽ പലരും അതിശയിച്ച് നിൽക്കേണ്ട അവസ്ഥയാണ്. പങ്കാളിയോടൊപ്പമുളള പുതിയ ജീവിതം ആരംഭിക്കേണ്ടത് അൽപ്പം വ്യത്യസ്തമായിട്ടുവേണം എന്ന് ചിന്തിക്കുന്നവരായിരിക്കും നമുക്കിടയിൽ കൂടുതലും. ചിലർ കടലിനെയും സൂര്യനെയും സാക്ഷിയാക്കി പങ്കാളിക്ക് വരണമാല്യം ചാർത്തുമ്പോൾ മറ്റുളളവർ വിവാഹവേദിയാക്കി മാറ്റുന്നത് ആകാശത്തെയായിരിക്കും. ഇതൊക്കെ ഇപ്പോൾ സാധാരണ വിഷയങ്ങളാണ്.
എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിലെ ശ്രദ്ധ മുഴുവൻ എത്തിയിരിക്കുന്നത് ട്രാവൽ വ്ലോഗറായ ആര്യാ അറോറയുടെ വിവാഹത്തിലേക്കാണ്. മുംബയ് സ്വദേശിനിയായ ആര്യ വിവാഹം കഴിച്ചത് മലയാളിയും വ്യവസായിയുമായ രഞ്ജിത് ശ്രീനിവാസിനെയാണ്. ഇരുവരുടെയും വിവാഹവേദിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
പർവ്വതാരോഹകർ പോലും കടന്നുചെല്ലാൻ മടിക്കുന്ന ഒരു പ്രദേശമാണ് ദമ്പതികൾ വിവാഹത്തിനായി തിരഞ്ഞെടുത്തത്. ഹിമാലയൻ പ്രദേശത്ത് നിന്ന് 12,500 അടി ഉയരത്തിലുളള സ്പിതി താഴ്‌വരയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ഇവിടത്തെ താപനില -25 ഡിഗ്രി സെൽഷ്യസാണ്. ഞങ്ങളുടേത് പ്രണയവിവാഹമാണ്. 13 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ശ്രീനിവാസിനെ പരിചയപ്പെട്ടത്. വിവാഹം കുറച്ച് വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വിവാഹം സ്പിതിയിൽ വച്ച് നടത്തുന്നതിൽ ആദ്യം കുടുംബത്തിൽ നിന്നും എതിർപ്പുണ്ടായെങ്കിലും പിന്നെ സമ്മതിക്കുകയായിരുന്നുവെന്ന് ആര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വാർത്തകളും ചിത്രങ്ങളും പുറത്തുവന്നതോടെ ദമ്പതികൾ ഇന്ത്യൻ ബുക്ക് റെക്കോർഡ് പുരസ്കാരത്തിന് അർഹരാവുകയും ചെയ്തു. ഇരുവരുടെയും പ്രണയത്തിനും ലഭിച്ച പുരസ്കാരത്തിന് അഭിനന്ദനവുമായി നിരവധി പേരാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ എത്തുന്നത്.