
മാള: ഈ തോക്കിൽ പൊട്ടാസുണ്ടോ പൊലീസേ? ഭിന്നശേഷി വിദ്യാർത്ഥിനി കൊച്ചു ജയറാമിയയുടെ ചോദ്യം കേട്ടപ്പോൾ കൊരട്ടി സ്റ്റേഷനിലെ പൊലീസുകാർ ആദ്യം അമ്പരന്നു, പിന്നെ നിഷ്‌കളങ്കമായ ആ ചോദ്യം മനസിലിട്ട് ഉള്ളിൽ ചിരിയായി.
മാള ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർത്ഥികൾ നടത്തിയ പഠനയാത്രയുടെ ഭാഗമായാണ് കുട്ടികൾ സ്റ്റേഷനിലെത്തിയത്. 35 വിദ്യാർത്ഥികളും രക്ഷിതാക്കളും ബി.ആർ.സി അംഗങ്ങളുമടങ്ങുന്ന സംഘം ഇന്നലെ രാവിലെ 8.30യ്ക്കാണ് കൊരട്ടി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ എത്തിയത്.
കൊരട്ടി എസ്.എച്ച്.ഒ: അനൂപ് എല്ലാവരെയും പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. ആദ്യമായി പൊലീസ് സ്റ്റേഷൻ കണ്ടതിന്റെ ആശ്ചര്യത്തിലായിരുന്നു കുട്ടികളിലേറേയും. പൊലീസുകാരുടെ വേഷവും തോക്കും ലാത്തിയും കൗതുകത്തോടെയാണവർ നോക്കിക്കണ്ടത്. പൊലീസ് ഓഫീസർ നിഖിലൻ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു.
ലാത്തി, തോക്ക്, വയർലസ്, വിലങ്ങ് എന്നിവയും സ്റ്റേഷൻ പ്രവർത്തന രീതിയും കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവ ഉപയോഗിക്കേണ്ട സന്ദർഭങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തു.
ബി.പി.സി: സെബി എ. പെല്ലിശ്ശേരി സ്റ്റേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചതിന് പൊലീസിന് നന്ദി പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച മധുരം നുകർന്ന് കുട്ടികൾ കാലടി സംസ്‌കൃത സർവകലാശാലയിലേക്ക് യാത്ര തിരിച്ചു. കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടത്തിന്റെ ഏതാനും ചുവടുകൾ അവിടുത്തെ വിദ്യാർത്ഥികൾ ലാസ്യമനോഹാരിതയോടെ കുട്ടികൾക്കായി പകർന്നാടി. കൂത്തമ്പലത്തിൽ കലാകാരനും നർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണൻ കുട്ടികൾക്കായി ഗാനം ആലപിച്ചു. പിന്നീട് അഭയാരണ്യം ഇക്കോ ടൂറിസം മേഖലയായ കപ്രിക്കാടും ഭൂതത്താൻകെട്ട് അണക്കെട്ടും സന്ദർശിച്ചു. വേറിട്ടൊരു നവ്യാനുഭവം പകർന്നതായിരുന്നു ബി.ആർ.സി മാള ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച യാത്ര.