
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബമാണ് ദിലീപിന്റേത്. കാവ്യയുടെയും മൂത്തമകൾ മീനാക്ഷിയുടെയും ഇളയ മകൾ മഹാലക്ഷ്മിയുടെയും വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. കൂടാതെ പല അഭിമുഖങ്ങളിലും ദിലീപ് ഇളയ മകൾ മഹാലക്ഷ്മിയുടെ കുറുമ്പുകളെ കുറിച്ച് തുറന്നുപറയാറുണ്ട്. നേരത്തെ ബാന്ദ്രാ സിനിമയുടെ പ്രമോഷനിടെ മഹാലക്ഷ്മി വ്‌ളോഗറായ കഥ ദിലീപ് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ പഴയ സിനിമകൾ കണ്ട് മകൾ പറയുന്ന കാര്യത്തെ കുറിച്ച് തുറന്നുപറയുകയാണ് ദിലീപ്. ഏറ്റവും പുതിയ ചിത്രം 'തങ്കമണി'യുടെ പ്രമോഷന്റെ ഭാഗമായി കൗമുദി ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപ് മഹാലക്ഷ്മിയുടെ തമാശകളെ കുറിച്ച് തുറന്നുപറയുന്നത്. ദിലീപിന്റെ വാക്കുകളിലേക്ക്...
'എന്റെ പഴയ സിനമകളൊക്കെ പിള്ളേർ ഇരുന്ന് കാണും. ഒരിക്കൽ മായാമോഹിനി ഞാൻ അഭിനയിച്ചതാണെന്ന് പറഞ്ഞ് കാണുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മകൾ പറയുകയാ..'ഈ അച്ഛന്റ ഒരു കാര്യം'. ഭാഗ്യത്തിന് ഞാൻ ഏത് രൂപത്തിൽ വന്നാലും എന്റെ രണ്ട് മക്കളും പിടിക്കും. പച്ചക്കുതിരയൊക്കെ ഇറങ്ങിയ സമയത്തുള്ള ലുക്ക് മീനാക്ഷി നേരിട്ട് കണ്ടിട്ടില്ല. കുഞ്ഞിക്കൂനന്റെ വേഷം അഭിനയിക്കുന്ന സമയത്ത് മീനൂട്ടി ചെറുതായിരുന്നു. അന്ന് ഞാൻ അച്ഛന്റെ ചേട്ടനാണെന്ന് മീനൂട്ടിയോട് പറഞ്ഞു, പിന്നാലെ അവൾ പറഞ്ഞു, അച്ഛാ മിണ്ടാണ്ടിരിക്കൂ എന്ന്. അന്നാണ് എനിക്ക് മനസിലായത് ഈ വേഷം കെട്ടൊന്നും വീട്ടിൽ നടക്കില്ലെന്ന്'- ദിലീപ് പറഞ്ഞു.
2013ൽ പുറത്തിറങ്ങിയ ശൃഘാരവേലൻ കണ്ടപ്പോൾ മഹാലക്ഷ്മി പറഞ്ഞ രസകരമായ കാര്യത്തെ കുറിച്ചും ദിലീപ് തുറന്നുപറഞ്ഞു. 'ഒരിക്കൽ ശൃഘാരവേലൻ കാണുകയായിരുന്നു മഹാലക്ഷ്മി, ആ ചിത്രത്തിൽ ഞാൻ വേദികയ്ക്ക് സാരി ഉടുപ്പിക്കുന്ന സീനുണ്ടായിരുന്നു. ഇവൾ ഇത് കണ്ടോണ്ടിരിക്കുമ്പോൾ, അമ്മാ...അച്ഛന് അമ്മയെ ഇഷ്ടമല്ലെന്നാ തോന്നുന്നേ..എന്ന് അമ്മയെ നോക്കി പറഞ്ഞു. ചെറിയ വഴക്കുണ്ടാക്കാൻ ഇവൾ മതി. ഇനി ഈ സിനിമ ഇറങ്ങുമ്പോൾ എന്തൊക്കെ പറയുമായിരിക്കും'- ദിലീപ് ചിരിച്ചുകൊണ്ട് പറഞ്ഞു.