
ഉദ്ധാരണക്കുറവ് പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നാണ് വയാഗ്ര. ലൈംഗിക ഉത്തേജനത്തിന് ലോകത്തിൽ ഏറ്റവുമധികം ആളുകളുപയോഗിക്കുന്ന ഈ മരുന്നിന് എന്നാൽ നവജാതശിശുക്കളുടെ ജീവൻ രക്ഷിക്കാനുള്ള ശേഷിയുണ്ട്. ഇത്തരത്തിൽ ശ്രദ്ധേയമായൊരു പഠന റിപ്പോർട്ട് ഈയിടെ പുറത്തുവന്നു. കാനഡയിലെ മോണ്ട്രിയാൽ കുട്ടികളുടെ ആശുപത്രി നടത്തിയ പഠനത്തിലാണ് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനും വയാഗ്ര സഹായകമാണെന്ന് തെളിഞ്ഞത്.
നിയോനാറ്റൽ എൻസെഫലോപതി അഥവാ ഗർഭസ്ഥാവസ്ഥയിലോ ജനനസമയത്തോ ഓക്‌സിജന്റെ അഭാവം കൊണ്ട് ബുദ്ധിമുട്ടുന്ന നവജാത ശിശുക്കൾക്കാണ് വയാഗ്ര ഉപകരിക്കുക.നിലവിൽ ഇത്തരം പ്രശ്നം നേരിടുന്ന കുട്ടികളെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാദ്ധ്യതകൾ വളരെ കുറവാണ്. വിവിധ ചികിത്സയിലൂടെ രക്ഷപ്പെടുന്ന കുട്ടികൾക്കാകട്ടെ നാഡീസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.
വയാഗ്ര എന്ന സിൽഡെനാഫിൽ 24ഓളം നവജാത ശിശുക്കൾക്ക് നൽകി. ഇതിൽ മിതമായതോ ഗുരുതരമായതോ ആയ പ്രശ്നമുള്ള എട്ട് കുട്ടികൾക്ക് സിൽഡെനാഫിലും മൂന്ന് കുഞ്ഞുങ്ങൾക്ക് പ്ളാസിബോയും നൽകി. വയാഗ്ര സ്വീകരിച്ച കുട്ടികൾ രോഗാവസ്ഥയിൽ നിന്ന് 30 ദിവസം കൊണ്ട് ഭാഗികമായി മോചനം നേടി. ഈ കുട്ടികളിൽ 18 മാസത്തെ പഠനത്തിൽ നല്ല ഫലമാണ് കണ്ടത്.
നവജാത ശിശുക്കളുടെ രോഗമുക്തിക്ക് ഈ കണ്ടെത്തൽ എത്രത്തോളം സഹായകമാകുമെന്ന് ഇപ്പോഴും പൂർണമായി വ്യക്തമായിട്ടില്ല. ഇതിനായി ഈ പഠനറിപ്പോർട്ടിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നാണ് വിവരം.