
പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അന്തിമ അനുമതിയായതോടെ പ്രതീക്ഷയിലാണ് കണ്ണൂരിലെ കശുഅണ്ടി കർഷകർ. എല്ലാ തടസ്സങ്ങളും നീങ്ങിയതിനാൽ ഈ സീസണിൽ തന്നെ 'കണ്ണൂർ ഫെനി ' ഉത്പാദനം തുടങ്ങാനുള്ള ഒരുക്കത്തിലാണ് കണ്ണൂർ പയ്യാവൂർ സർവീസ് സഹകരണ ബാങ്ക്. ഉപയോഗിക്കാതെ നശിച്ചുപോകുന്ന കശുമാങ്ങയ്ക്ക് ഇനി നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ബിവറേജസ് കോർപ്പറേഷൻ വഴിയാണ് മദ്യം വിൽക്കുക. കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സബ്‌ജക്ട് കമ്മറ്റി ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അംഗീകരിച്ചതോടെയാണ് സാങ്കേതിക കുരുക്കുകളഴിഞ്ഞത്.
കേരളാ സ്‌മോൾ സ്കെയിൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഒഫ് ഹോർട്ടി വൈൻ ഫ്രം അഗ്രികൾച്ചറൽ പ്രോഡക്ട്‌സ് ഒഫ് കേരള) റൂൾസ് 2022ആണ് നിയമസഭാ സബ്‌ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാനാകും. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ നിരവധി കർഷകർക്കു തൊഴിൽ ലഭിക്കുകയും ഉയർന്ന വരുമാനം നേടുകയും ചെയ്യാം. മദ്യം ഉത്പാദിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിക്കഴിഞ്ഞു.
സി.പി.എം നിയന്ത്രണത്തിലുള്ള പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് ഫെനി ഉത്പാദിപ്പിക്കുന്നതിനുള്ള ലൈസൻസ് രണ്ടു വർഷം മുൻപ് തന്നെ ലഭിച്ചിരുന്നു. 1991 മുതൽ ഇതിനായുള്ള പരിശ്രമങ്ങൾ തുടങ്ങിയിരുന്നു. നിലവിൽ ഗോവയിൽ മാത്രമാണ് സർക്കാർ അംഗീകാരത്തോടെ കശുമാങ്ങയിൽ നിന്നും മദ്യം ഉത്പാദിപ്പിക്കുന്നത്. പഴങ്ങൾ ഉപയോഗിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം 2022ലെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് കശുമാങ്ങായിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാൻ പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് സർക്കാർ അനുമതി നൽകിയത്.
2016ലാണ് ബാങ്ക് ഭരണ സമിതി ഇത് സംബന്ധിച്ച വിശദമായ പദ്ധതി രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. എക്‌സൈസ് വകുപ്പിന്റെ അന്തിമാനുമതി ലഭിക്കുന്ന മുറക്ക് എത്രയും പെട്ടന്നു തന്നെ ഫെനിയുടെ ഉത്പാദനം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബാങ്ക് ഭരണ സമിതി പറഞ്ഞു. 200 രൂപയാണ് ഒരു ലിറ്റർ ഫെനിയുടെ ഉത്പാദന ചെലവ് പ്രതീക്ഷിക്കുന്നത്. ബീവറേജ് കോർപറേഷൻ വഴി 500 രൂപ നിരക്കിൽ വില്പന നടത്തിയാൽ തന്നെ ലാഭകരമാകും. പയ്യാവൂരിൽ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കർ സ്ഥലത്താണ് ഫെനി ഉത്പാദിപ്പിക്കുക. ഗോവയിൽ നിന്നുമാണ് ഇതിനുള്ള നിർമ്മാണ സാമഗ്രികളും ഇവിടെ എത്തിച്ചിരിക്കുന്നത്. ഗോവയിൽ തോട്ടമുള്ളവർക്ക് 500 രൂപ നൽകിയാൽ ഫെനി ഉത്പാദിപ്പിക്കാനുള്ള ലൈസൻസ് ലഭിക്കും. അവിടെ അത്രയും സിംപിളാണ് കാര്യങ്ങൾ. നിയമ തടസ്സങ്ങളുടെ പേരിൽ ഇവിടെ തീരുമാനം അനിശ്ചിതമായി നീളുകയായിരുന്നു.
കൃഷി കൂടുതൽ കണ്ണൂരും കാസർകോടും കശുമാവ് കർഷകർ ഏറെയുള്ള കണ്ണൂർ, കാസർകോട് ജില്ലകളെ ആശ്രയിച്ചാണ് ഇവിടെ ഫാക്ടറി തുടങ്ങുന്നത്. ചെലവുകുറഞ്ഞ കൃഷിയാണ് കശുമാവ്. തരിശായ സ്ഥലം മാത്രം മതി. വെള്ളവും വളവും വേണ്ട. നിലവിൽ പോഷകസമൃദ്ധമായ കശുമാങ്ങ തോട്ടങ്ങളിൽ ചീഞ്ഞളിഞ്ഞു പോവുകയാണ്. ഫെനി ഉത്പാദനം തുടങ്ങിയാൽ കശുമാങ്ങയ്ക്കും വില കിട്ടന്നതോടെ കശുമാവ് കൃഷിയും വർദ്ധിക്കും. 2004-2005ൽ ഇരുജില്ലകളിലുമായി 41,022 ഹെക്ടർ കൃഷിയുണ്ടായിരുന്നു. ഇപ്പോഴിത് 39,068 ഹെക്ടറിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഒരു വൃക്ഷത്തിൽ നിന്ന് പത്തു കിലോവരെ കശുവണ്ടി കിട്ടും. കർഷകർക്കും സംരംഭകർക്കും വലിയ പ്രയോജനമാകുന്നതാണ് മദ്യ ഉത്പാദന നീക്കം. കശുമാങ്ങ തോട്ടങ്ങളിൽ നശിച്ച് പോകുന്ന പോഷകസമൃദ്ധമായ കശുമാങ്ങയിൽ നിന്നാണ് മൂല്യവർദ്ധിത ഉത്പന്നമായി മദ്യം നിർമ്മിക്കുന്നത്. സീസൺ സമയത്ത് ടൺ കണക്കിന് കശുമാങ്ങ വീണ് നശിക്കുന്നതിന് പരിഹാരം ഉണ്ടാക്കാൻ പദ്ധതിയിലൂടെ സാധിക്കും. ഒരു കിലോ കശുവണ്ടിയുടെ പഴത്തിന്റെ തൂക്കം ശരാശരി 9.700 കിലോയാണ്. ഇത്രയും പഴത്തിൽ നിന്ന് 5.5 ലീറ്റർ നീര് കിട്ടും. ഈ നീര് സംസ്‌കരിച്ചാൽ അര ലീറ്റർ ഫെനി കിട്ടും. ഒരു ക്വിന്റൽ കശുവണ്ടിയുടെ പഴം പിഴിഞ്ഞാൽ 550 ലീറ്റർ നീര് കിട്ടും. ഇത്രയും നീര് സംസ്‌കരിച്ചാൽ 50 ലീറ്റർ ഫെനി കിട്ടും. കശുഅണ്ടി വിലയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായാലും ഫെനിയുടെ വിലയിൽ മാറ്റമുണ്ടാകില്ല. അതുകൊണ്ടു തന്നെ കശുമാങ്ങ കശുവണ്ടിയേക്കാൾ മൂല്യമേറിയതായി മാറും. വിദേശ വിനോദ സഞ്ചാരികളുടെ ജനപ്രിയ പാനീയമാണ് ഗോവൻ ഫെനി. അതുകൊണ്ടുതന്നെ കേരളത്തിൽ സമൃദ്ധമായി ലഭിക്കുന്ന കശുമാങ്ങയിൽ നിന്നും മദ്യം ഉണ്ടാക്കുന്നതിലൂടെ ടൂറസം മേഖലയെയും പരിപോഷിപ്പിക്കാൻ കഴിയും. നിലവിൽ കാർഷിക സർവ്വകലാശാലയുടെ കശുവണ്ടി ഗവേഷണ കേന്ദ്രം, പ്ലന്റഷൻ കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ കശുമാങ്ങയിൽ നിന്നും കാഷ്യൂ കാൻഡി, ജാം, സ്‌ക്വാഷ്, സോഡാ തുടങ്ങി നിരവധി ഉത്പന്നങ്ങൾ നിർമ്മിച്ചു വരുന്നുണ്ട്.
നീര പാഠമാകണം
ഏറെ പ്രതീക്ഷകളോടെയാണ് 2015-ൽ കേരളത്തിൽ നീര പാനീയം കുപ്പിയിലാക്കി വിപണിയിലെത്തിക്കുന്ന പദ്ധതി ആംരഭിച്ചത്. മദ്യം അല്ലെങ്കിലും വിപണി കീഴടക്കാമെന്നായിരുന്നു കണക്കുക്കൂട്ടൽ. 29 കമ്പനികൾ നീര ഉത്പാദനവും ആരംഭിച്ചു. എന്നാൽ ഇന്ന് സംസ്ഥാനത്തെ മിക്ക നീര കമ്പനികളും അടച്ചുപൂട്ടിയ സ്ഥിതിയാണ്. നീരയ്ക്ക് വിപണി കണ്ടെത്താൻ കഴിയാതിരുന്നതും സാമ്പത്തിക ബാധ്യത വർദ്ധിച്ചതുമാണ് മിക്ക കമ്പനികളുടെയും പ്രവർത്തനം നിലയ്ക്കാൻ കാരണം. വിഴ്ചകൾ സംബന്ധിച്ച് സർക്കാർ വിശദമായ പഠനം നടത്തണമെന്നാണ് കർഷകരുടെ ആവശ്യം. ഏറെ സാദ്ധ്യതകളുള്ള ഹെൽത്തി ഡ്രിങ്കാണ് നീര. സർക്കാർ സഹായം കിട്ടുകയാണെങ്കിൽ നീരയ്ക്ക് സാദ്ധ്യതകളുണ്ടെന്നാണ് സംരംഭകർ ഇപ്പോഴും പറയുന്നത്. നീര കമ്പനികൾക്ക് വീര്യം കുറഞ്ഞ മധുരക്കള്ള് ഉത്പാദിപ്പിക്കാനുള്ള അനുമതി നൽകിയാലും ഗുണകരമാകുമെന്ന് ഇവർ പറയുന്നു. ടൂറിസം രംഗത്ത് ഉൾപ്പെടെ ഇതിന്റെ മെച്ചമുണ്ടാകും.