marriage

ആഗ്ര: സാരിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വിവാഹമോചനത്തിന് ഒരുങ്ങി യുവ ദമ്പതികൾ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്ര സ്വദേശിയായ ദീപക്കിന് ഇഷ്ടപ്പെട്ട സാരികൾ ഭാര്യ ധരിക്കാതെ വന്നതോടെയാണ് ആദ്യം പ്രശ്നം ഉണ്ടായത്. ഭാര്യയ്ക്ക് ഇഷ്ടമുള്ള സാരികൾ ഭർത്താവിന് ഇഷ്ടമില്ലാതെ വന്നതും ഭാര്യ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് സാരി ധരിക്കുന്നതുമാണ് ദമ്പതികളെ വിവാഹമോചനത്തിലേക്ക് നയിച്ചത്.

സാരിയെ ചൊല്ലി കലഹം പതിവാണെന്നും ഭർത്താവ് ഉപദ്രവിക്കുമെന്നും കാണിച്ച് യുവതിയാണ് ആദ്യം പൊലീസിൽ പരാതി നൽകിയത്. പിന്നാലെ യുവതിക്കെതിരെ ദീപകും പരാതി നൽകുകയായിരുന്നു. പ്രശ്നം കേട്ട പൊലീസ് ഇവരെ കൗൺസിലിംഗിന് വിധേയമാക്കി. എന്നാൽ ഭാര്യയുടെ നിർബന്ധമാണ് തർക്കത്തിന് കാരണമെന്നായിരുന്നു യുവാവിന്റെ പ്രതികരണം. കൗൺസില‌ർമാരുടെ ശ്രമം പരാജയപ്പെട്ടതോടെ വിവാഹമോചന ഹർജി കോടതിയുടെ പരിഗണനയിലെത്തി. ദമ്പതികളെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നത്തോടെയാണ് വിഷയം കോടതിയിലെത്തിയതെന്ന് കുടുംബാംഗങ്ങൾ പ്രതികരിച്ചു. കേസ് ഈ മാസം പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.

സമാനമായ മറ്റൊരു സംഭവവും അടുത്തിടെ ആഗ്രയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭർത്താവ് ദിവസവും മൊമോസ് വാങ്ങി നൽകാത്തതിനേ തുടർന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. രണ്ട് മാസം മുൻപ് കടുത്ത വഴക്കിനെ തുടർന്ന് യുവതി ഭർത്താവിന്റെ വീട് വിട്ട് സ്വന്തം വീട്ടിൽ പോയി. പിന്നാലെ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപ്പിക്കുകയായിരുന്നു. ഷൂ ഫാക്ടറിയിലാണ് യുവതിയുടെ ഭർത്താവ് ജോലി ചെയ്യുന്നത്. ദിവസവും മൊമോസ് വാങ്ങാനുള്ള പണമില്ലാത്തതിനാലാണ് വാങ്ങാത്തതെന്ന് ഇയാൾ പറഞ്ഞു. ശേഷം കൗൺസിലിംഗിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു.