bengaluru-cafe

ബംഗളൂരു: ബംഗളൂരു കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ ബ്രൂക്ക്ഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

വൈറ്റ്ഫീൽഡിലെ പ്രശസ്തമായ രാമേശ്വരം കഫേയിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചു.

ഐ.ഇ.ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. തീവ്രത കുറഞ്ഞ സ്ഫോടനമായിരുന്നു.പ്രതിയെ തിരിച്ചറിഞ്ഞു. ആഘാതത്തിൽ ഒരു തൂൺ തകർന്നു. ബോംബ് അടങ്ങിയ ബാഗ് കഫേയിൽ വയ്ക്കുന്നത് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമായതായി പൊലീസ് അറിയിച്ചു. മറ്റ് സംശയാസ്‌പദമായ വസ്തുക്കളൊന്നും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടില്ല. പ്രതി ക്യാഷ് കൗണ്ടറിൽ നിന്ന് ടോക്കൺ എടുത്തിട്ടുണ്ട്. കാഷ്യറെ ചോദ്യം ചെയ്‌ത് വരികയാണ്.

പരിക്കേറ്റവരിൽ കഫേ ജീവനക്കാരും കസ്റ്റമറുമുണ്ട്. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെ എത്തി. പൊട്ടിത്തെറിയിൽ കറുത്ത പുക ഉയരുകയും പ്രദേശത്ത് പടരുകയും ചെയ്‌തു.

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസ് അത് തള്ളി. ഷോർട്ട് സർക്യൂട്ട്,​ ഗ്യാസ് പൈപ്പ് ലൈൻ ചോർച്ച സാഹചര്യങ്ങളും പരിശോധിച്ചു.