
ബംഗളൂരു: നഗരത്തിലെ പ്രശസ്‌തമായ രാമേശ്വരം കഫേയിൽ ഉച്ചയ്‌ക്ക് ഉണ്ടായത് ഐഇഡി സ്ഫോടനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ സ്ഫോടനമാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരാൾ ബാഗുമായി കഫേയിലെത്തുന്നതും ബാഗ് വച്ച ശേഷം പോകുന്നതുമായ സിസിടിവിയിൽ ലഭിച്ചിട്ടുണ്ട്. എട്ടോളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായും എന്നാൽ എല്ലാവരും ഇപ്പോൾ അപകടനില തരണം ചെയ്‌തതായും മുഖ്യമന്ത്രി അറിയിച്ചു.
VIDEO | Here’s what Karnataka CM Siddaramaiah (@siddaramaiah) said on explosion at Rameshwaram Cafe in Bengaluru earlier today. pic.twitter.com/kZs7hNn9Lj
— Press Trust of India (@PTI_News) March 1, 2024
സംഭവം തീവ്രവാദി ആക്രമണമാണോ എന്നതിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്.ആഭ്യന്തരമന്ത്രി ജി.പരമേശ്വരയോട് നേരിട്ട് സ്ഥലം സന്ദർശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈറ്റ്ഫീൽഡിലെ സ്‌ഫോടനം ആദ്യം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണെന്നാണ് കരുതിയിരുന്നത്. എന്നാൽ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. കഫേയിലുണ്ടായിരുന്ന ബാഗിലെ വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആറുപേരോടൊപ്പം കഫേയിലിരുന്ന സ്‌ത്രീയുടെ പിന്നിലായി വച്ചിരുന്ന ബാഗാണ് പൊട്ടിത്തെറിച്ചതെന്ന് ഫയർ ആൻഡ് എമർജൻസി ഡയറക്‌ടർ ടി.എൻ ശിവശങ്കർ അറിയിച്ചു.