d

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിന് പിന്നാലെ വീടിന് മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകനാണെന്ന് അവകാശപ്പെട്ട് സി.പി.എം വച്ച ബോർഡിനെതിരെ അച്ഛൻ ടി. ജയപ്രകാശ്. മകൻ എസ്.എഫ്.ഐ പ്രവർത്തകനല്ലെന്നും മരണവും മുതലെടുക്കുന്ന ചെറ്റകളാണ് അവരെന്നും ജയപ്രകാശ് പറഞ്ഞു. പലതവണ ഫ്ലക്സ് മാറ്റാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ മാറ്റാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എസ്.എഫ്.ഐ പ്രവർ‌ത്തകനായ സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ക്രിമിനലുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നീതിക്കായി എന്നും കുടുംബത്തോടൊപ്പം എന്നുമാണ് ഫ്ലക്സിൽ പറഞ്ഞിരിക്കുന്നത്. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും സി.പി.എം സ്ഥാപിച്ച ഫ്ലക്സിൽ ആവശ്യപ്പെടുന്നു.

സിദ്ധാർത്ഥ് ഒരിക്കലും എസ്.എഫ്.ഐയിൽ പ്രവ‌ർത്തിച്ചിട്ടില്ല. മറ്റു പാർട്ടിക്കാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും സഹായം കിട്ടുന്നുണ്ടെങ്കിൽ അത് ഇല്ലാതാക്കാനാണ് പാർട്ടിക്കാർ ഫ്ലക്സ് വച്ചത്. അവൻ ഒരു പാർട്ടിയിലും പ്രവർത്തിച്ചിട്ടില്ല. അതിനുള്ള സമയവും അവന് ഉണ്ടായിരുന്നില്ല. നിലവിലെ അന്വേഷണത്തിൽ തൃപ്തനാണ്. ഇനിയും പ്രതികളെ പിടിക്കാൻ വൈകിയാൽ മറ്റ് അന്വേഷണ ഏജൻസികളെ ആവശ്യപ്പെടുമെന്നും ജയപ്രകാശ് പറഞ്ഞു.