crime

കൊല്‍ക്കത്ത: ലിവിങ് ടുഗതെര്‍ പങ്കാളിയായ യുവതിക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം ഫാമിലി എന്ന കുറിപ്പോടെയാണ് യുവാവ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. എന്നാല്‍ മണികൂറുകള്‍ക്കുള്ളില്‍ യുവാവിനെ താന്‍ കൊലപ്പെടുത്തിയെന്ന വിവരം യുവതി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ലിവ് ഇന്‍ പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ശന്‍ഹതി പോള്‍ എന്ന യുവതിയാണ് പങ്കാളിയായ സാര്‍ധക് ദാസിനെ കൊലപ്പെടുത്തിയത്. വിവരം അറിഞ്ഞ് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തിയ പൊലീസ് കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സാര്‍ധക്കിനെയാണ്. കൊലപാതക വിവരം പൊലീസിനെ അറിയിച്ച ശേഷം യുവതി മൃതദേഹത്തിന് സമീപത്ത് തന്നെ ഇരിപ്പുറപ്പിക്കുകയും ചെയ്തിരുന്നു.

സാര്‍ധകിന്റെ ശരീരത്തില്‍ നിരവധി മുറിപ്പാടുകളുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് യുവാവിനെ പലതവണ കുത്തിയെന്നും ചോദ്യംചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. യുവതിക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

ഫോട്ടോഗ്രാഫറായ സാര്‍ധകും പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ശന്‍ഹതിയും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. വിവാഹമോചിതയായ യുവതിയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത മകനുമുണ്ട്. മൂന്നുപേരും ഒരുമിച്ചായിരുന്നു താമസം. കൊലയിലേക്ക് നയിച്ച കാരണം എന്താണെന്ന് പക്ഷേ ഇതുവരേയും വ്യക്തമല്ല. ഇരുവരും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.