pp

ടെൽ അവീവ്: ഗാസയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 112 പേർ കൊല്ലപ്പെട്ട സംഭവത്തിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തി ഇന്ത്യ. സാധാരണക്കാരുടെ ജീവൻ നഷ്ടമാകുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്‌സ്വാൾ പറഞ്ഞു. മാനുഷിക സഹായങ്ങൾ കൃത്യസമയത്ത് സുരക്ഷിതമായി ഗാസയിലെ ജനങ്ങളിലേക്കെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച രാവിലെയാണ് ഗാസ സിറ്റിയിലെ അൽ - റാഷീദ് സ്ട്രീറ്റിലെ നബുൽസി മേഖലയിൽ ഭക്ഷണ ട്രക്കിനടുത്തേക്ക് ഓടിയടുത്ത ആയിരക്കണക്കിന് സാധാരണക്കാർക്ക് നേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്തത്. 760 പേർക്ക് പരിക്കേറ്റു. ആക്രമാസക്തമായ ജനക്കൂട്ടം സൈന്യത്തിനെതിരെ തിരിഞ്ഞെന്നും മിക്കവരും കൊല്ലപ്പെട്ടത് തിക്കിലും തിരക്കിലും പെട്ടും സഹായ ലോറികൾ ഇടിച്ചുമാണെന്നും ഇസ്രയേൽ വാദിക്കുന്നു. ജനക്കൂട്ടത്തിൽ നിന്ന് ലോറികളെ സുരക്ഷിതമായി കടത്തിവിടാൻ മുന്നറിയിപ്പ് വെടിയുതിർത്തെന്നും സൈന്യം പറയുന്നു. ഇതുവരെ 30,200ലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.