
ഹരിപ്പാട് : നാട്ടിൽ പോയ ഒന്നാം പാപ്പാൻ തിരിച്ചെത്തിയതോടെ ഏവൂർ കണ്ണന് ദിവസങ്ങൾ നീണ്ട ദുരിതത്തിൽ നിന്ന് മോചനം. ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പനായ കണ്ണനെ ക്ഷേത്രവളപ്പിൽ തളച്ച ശേഷമാണ് തിരുവനന്തപുരം മണക്കാട് സ്വദേശിയായ ഒന്നാം പാപ്പാൻ വിനോദ് കുമാർ നാട്ടിലേക്ക് പോയത്. രണ്ട് ദിവസത്തെ അവധിയെടുത്ത ശേഷം പോയ വിനോദ് 6 ദിവസം കഴിഞ്ഞിട്ടും മടങ്ങി വരാതായതോടെ ആനയെ അഴിക്കാൻ കഴിയാത്ത സ്ഥിതിയായി. കണ്ണൻ ഒരു സമയം ഒരു പാപ്പാനോട് മാത്രമേ ഇണങ്ങുകയുള്ളൂ. രണ്ടാം പാപ്പാൻ സുനുകുമാർ ജോലിയിൽ ഉണ്ടെങ്കിലും ആന അദ്ദേഹവുമായി അടുത്തിട്ടില്ല.
തുടർന്ന്, വെള്ളം നൽകാനോ ചൂടുള്ള സമയം കുളിപ്പിക്കാനോ ഉള്ള സൗകര്യം ക്ഷേത്രവളപ്പിൽ ഇല്ലെന്നും ആനയുടെ പരിപാലനം ബുദ്ധിമുട്ടിലാണെന്നും പാപ്പാൻ കടന്നു കളഞ്ഞെന്നും കാട്ടി ദേവസ്വം സബ്ബ് ഗ്രൂപ്പ് ഓഫീസർ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകി. ആനയെ തിരികെ ആനത്തറയിൽ എത്തിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതിനിടെ വിനോദ് കുമാർ ഇന്നലെ ഉച്ചയോടെ ക്ഷേത്രത്തിലെത്തി. തുടർന്ന് ആനയ്ക്ക് നിർദ്ദേശങ്ങൾ നൽകുകയും ആന അനുസരിക്കുകയും ചെയ്തു. ആനയെ ഉടൻ ആനത്തറയിലേക്ക് മാറ്റും.
താത്കാലിക ജീവനക്കാരനായി എട്ടു വർഷത്തോളം പാപ്പാനായിരുന്ന ആളെ തിരികെ എത്തിക്കാൻ ചിലരുടെ ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്. സ്ഥിര നിയമനം ലഭിക്കാത്തതിനാൽ ഇയാൾ ജോലി ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് അഞ്ചു മാസത്തോളം ആനയുടെ പരിചരണം ബുദ്ധിമുട്ടിലായതോടെ ഡിസംബർ 14നാണ് വിനോദ് കുമാറിനെ ഒന്നാം പാപ്പാനായി നിയമിച്ചത്.
രണ്ട് ദിവസത്തെ അവധി എടുത്താണ് നാട്ടിലേക്ക് പോയത്. അസുഖം പിടിപെട്ടതിനാലാണ് തിരികെ വരാൻ താമസിച്ചത്. ഇക്കാര്യ അധികൃതരെ അറിയിച്ചിരുന്നതാണ്
വിനോദ് കുമാർ, ഒന്നാം പാപ്പാൻ