
തിരുവനന്തപുരം: ഭാരത് അരിക്ക് പകരമായി സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡ് അരി ഉടന്‍ എത്തും. പുതിയ ബ്രാന്‍ഡിന് ശബരി കെ റൈസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനുള്ള തയാറെടുപ്പുകള്‍ വേഗത്തില്‍ പൂര്‍ത്തിയക്കിവരികയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.
സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ നിന്ന് ഏത് കാര്‍ഡ് ഉടമയ്ക്കും പത്തു കിലോ അരി വാങ്ങാമെന്നും ഭാരത് റൈസിനേക്കാള്‍ ഗുണമേന്മയുള്ള അരിയായിരിക്കും ശബരി കെ റൈസ് എന്നും മന്ത്രി വ്യക്തമാക്കി. വില കുറവാണെന്നത് ഗുണമേന്മയെ ബാധിക്കില്ലെന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ കടകളിലൂടെ കൊടുക്കുന്ന അരിയാണ് 29 രൂപ നിരക്കില്‍ ഭാരത് അരിയായി നല്‍കുന്നതെന്നും ജി.ആര്‍ അനില്‍ ആരോപിച്ചു. ഭാരത് അരി സിവില്‍ സപ്ലൈസ് വകുപ്പിനോ സപ്ലൈകോയ്‌ക്കോ നല്‍കിയിരുന്നെങ്കില്‍ വളരെ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് അത് ലഭ്യമാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരത് അരിയിലൂടെ കേന്ദ്രം ജനങ്ങള്‍ക്ക് ഉണ്ടാകുമായിരുന്ന അവസരം നിഷേധിച്ചു. അരി കൂടുതല്‍ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ് ഭാരത് അരിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിച്ചതെന്നും ജി.ആര്‍.അനില്‍ പറഞ്ഞു.