kk

ആലപ്പുഴ : പാട്ടുപാടാനും കൂട്ടുകൂടാനും ആലപ്പുഴയ്ക്കും സ്വന്തമാകുകയാണ് ഒരു സാംസ്കാരിക ഇടനാഴി. തിരുവനന്തപുരത്തെ മാനവീയം വീഥി മോഡലിൽ നഗരത്തിലെ മട്ടാഞ്ചേരിപ്പാലം മുതൽ - കൊമ്മാടി വരെ എ.എസ് കനാൽ തീരത്താണ് ആലപ്പുഴ നഗരത്തിൽ വീഥി ഒരുങ്ങുക. കഴിഞ്ഞദിവസം ആറാട്ടുവഴി,വെള്ളാപ്പള്ളി, പോപ്പി പാലങ്ങളുടെ നിർമ്മാണോദ്ഘാടന വേദിയിൽ മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്.

വിദഗ്ദ്ധ ഏജൻസിയുടെ സഹായത്തോടെ തയ്യാറാക്കിയ പദ്ധതി ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാണ്. ടൂറിസം-പൊതുമരാമത്ത്, , സാംസ്കാരിക വകുപ്പ് എന്നിവയുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശം. അന്തിമ രൂപരേഖ ഉടൻ സർക്കാരിന് സമർപ്പിക്കും. ആശ്രമം, ചാത്തനാട്, പവർഹൗസ്, ആറാട്ടുവഴി, കളപ്പുര, കൊമ്മാടി വാർഡുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. തലസ്ഥാനത്തെ മ്യൂസിയം - വെള്ളയമ്പലം റോഡിനേക്കാൾ മനോഹരവും ആകർഷകവുമായിരിക്കും ആലപ്പുഴയിലെ വീഥി. കനാൽക്കരയിൽ കാറ്റേറ്റ് കലാപരിപാടികൾ ആസ്വദിക്കാൻ അവസരമുണ്ടാകും.

പ്രഭാത- സായാഹ്ന സവാരിക്കാർക്കായി വാക്ക് വേ,​ വിശ്രമിക്കാൻ കനാൽക്കരകളിൽ ഇരിപ്പിടങ്ങൾ,​

കനാലും തീരത്തും വിവിധ വർണങ്ങളിലെ ദീപക്കാഴ്ചകൾ,​ കുടുംബശ്രീ ഉൾപ്പെടെയുള്ള സംരംഭങ്ങളുടെ രുചിക്കൂട്ട്,​ കരിമീനും കൊഞ്ചും ഉൾപ്പെടെ അടങ്ങിയ ഭക്ഷണ എന്നിവ പദ്ധതിയിലുൾപ്പെടുത്തടിയിട്ടുണ്ട്.

ബോട്ടിംഗും വീഥിയുടെ പരിപാലനവുമായി ബന്ധപ്പെട്ടും നേരിട്ടും അല്ലാതെയും നിരവധി പേർക്ക് ഇതുവഴി തൊഴിൽ ലഭിക്കും.