online-fraud

കൊല്ലം: ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നും വീട്ടിലിരുന്ന് തന്നെ ഇത് സാദ്ധ്യമാകുമെന്നുമുള്ള പരസ്യങ്ങള്‍ നിരവധിയാണ്. ഇത്തരം വാഗ്ദാനങ്ങള്‍ കാണുമ്പോള്‍ തന്നെ ചാടി വീണ് പണം നിക്ഷേപിക്കുകയും അധ്വാനിച്ചുണ്ടാക്കിയ പണം തട്ടിപ്പിനിരയായി നഷ്ടപ്പെടുകയും ചെയ്യുന്ന നിരവധി ഉദാഹരണങ്ങളുണ്ട് നമുക്ക് മുന്നില്‍. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ എത്ര തവണ ആവര്‍ത്തിച്ചാലും മലയാളികള്‍ പോലും ഇന്നും തട്ടിപ്പിന് ഇരയാകുന്നത് തുടരുകയാണെന്നാണ് കൊല്ലം സ്വദേശിയുടെ അനുഭവം തെളിയിക്കുന്നത്.

അമേരിക്കന്‍ കമ്പനിയുടെ പേരില്‍ നടന്ന ട്രേഡിങ് തട്ടിപ്പില്‍ കൊല്ലം സ്വദേശിക്ക് നഷ്ടമായത് 2 കോടിയോളം രൂപയാണ്. വര്‍ഷങ്ങളായി ഷെയര്‍ ട്രേഡ് ചെയ്തിരുന്ന കൊല്ലം സ്വദേശിയില്‍ നിന്നാണ് 2 കോടിയോളം രൂപ സൈബര്‍ തട്ടിപ്പുകാര്‍ ഓണ്‍ലൈനായി തട്ടിയെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് യുഎസ് ആസ്ഥാനമായുള്ള ഒരു ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പേരില്‍ ഷെയര്‍ ട്രേഡിംഗിനെ പറ്റിയുള്ള ഒരു ഓണ്‍ലൈന്‍ ക്ലാസിന്റെ ലിങ്ക് വാട്‌സാപ് വഴി പരാതിക്കാരനു ലഭിച്ചു.

ക്ലാസില്‍ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കമ്പനിയില്‍ വിശ്വാസം വരികയും ചെയ്തു. പിന്നീട്, ഇതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ വിളിച്ച് ഇന്‍സ്റ്റിറ്റിയൂഷനല്‍ ട്രേഡിങ്ങിനായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നതിന് എന്ന പേരില്‍ ഒരു വ്യാജ പോര്‍ട്ടലിന്റെ ലിങ്ക് നല്‍കുകയായിരുന്നു. തനിക്ക് ലഭിച്ച ലിങ്ക് വഴി പോര്‍ട്ടലില്‍ ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളും നല്‍കിയാണ് അക്കൗണ്ട് ആരംഭിച്ചത്.

പണം ഇന്‍വെസ്റ്റ് ചെയ്യേണ്ട നിര്‍ദേശങ്ങളും അക്കൗണ്ട് നമ്പരുകളും വാട്‌സാപ് ഗ്രൂപ്പ് വഴി നല്‍കി. ഇതിന്റെ വിശ്വാസ്യത പരിശോധിക്കുന്നതിനായി വാട്‌സാപ് ഗ്രൂപ്പില്‍ നിന്നുള്ള നിര്‍ദേശപ്രകാരം 10,000 രൂപ പരാതിക്കാരന്‍ നിക്ഷേപിച്ചപ്പോള്‍ പോര്‍ട്ടല്‍ വാലറ്റില്‍ ഈ തുക കാണിക്കുകയും ഇതില്‍ നിന്നു 4000 രൂപ പിന്‍വലിക്കുകയും ചെയ്തു. ഈ പണം സ്വന്തം അക്കൗണ്ടില്‍ വന്നതോടെ തട്ടിപ്പ് സംഘമല്ലെന്ന വിശ്വാസവും പരാതിക്കാരനുണ്ടായി.

തുടര്‍ന്ന് പല ദിവസങ്ങളിലായി 2 കോടിയോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കു നിക്ഷേപിച്ചു. തട്ടിപ്പ് സംഘം തന്നെ നല്‍കിയ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചതും. പിന്നീട് കമ്പനി നിര്‍ദേശം പാലിച്ച് ഷെയര്‍ ട്രേഡ് ചെയ്യുന്നത് തുടരുകയും ചെയ്തു. ഓരോ തവണ ട്രേഡിംഗ് തുടര്‍ന്നപ്പോഴും ലഭിക്കുന്ന ലാഭം പോര്‍ട്ടലിന്റെ വാലറ്റില്‍ കാണിച്ചിരുന്നു. നേരത്തെ പതിനായിരം രൂപ വാലറ്റില്‍ കാണിക്കുകയും നാലായിരം രൂപ പിന്‍വലിക്കാന്‍ കഴിയുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പാണെന്ന് പരാതിക്കാരന്‍ കരുതിയതുമില്ല.

ഷെയര്‍ ട്രേഡിംഗം വഴിയുള്ള ലാഭം 6 കോടി രൂപയോളമായപ്പോള്‍ പരാതിക്കാരന്‍ അത് പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശേഷവും കൂടുതല്‍ തുക നിക്ഷേപിക്കാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതോടെയാണു തട്ടിപ്പിനിരയായതായി മനസിലാകുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം എന്നിവ വഴി ഷെയര്‍ ട്രേഡിങ്ങിലൂടെ വന്‍ തുക ലാഭം ലഭിക്കും എന്ന തരത്തിലുള്ള പരസ്യം വഴി ആകര്‍ഷിപ്പിച്ചു തട്ടിപ്പുകാര്‍ നിര്‍ദേശിക്കുന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചാണ് തട്ടിപ്പ് നടത്തുന്നത്.