
ഉദ്ഘാടനം 5ന് മുഖ്യമന്ത്രി നിര്‍വഹിക്കും
തിരുവനന്തപുരം: ട്രാഫിക്ക് നിയന്ത്രണം, സി.സി ടിവി ക്യാമറകളുടെ നിരീക്ഷണം, ദുരന്ത നിവാരണം എന്നിവ ഒരു കുടക്കീഴിലാക്കുന്ന സംവിധാനമായ ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രാള്‍, പാളയം മാര്‍ക്കറ്റിലെ പുനരധിവാസ ബ്‌ളോക്ക് ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട അഞ്ച് പദ്ധതികള്‍ 5ന് നാടിന് സമര്‍പ്പിക്കും. എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.മന്ത്രി എം.ബി.രാജേഷ്,വി.ശിവന്‍കുട്ടി,മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. പാളയത്തെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് കേന്ദ്രം,മുട്ടത്തറയിലെ ഫെസിലിറ്റേഷന്‍ സെന്റര്‍, നഗരത്തിലെ 40 സ്മാര്‍ട്ട് സ്‌കൂളുകള്‍ എന്നിവയാണ് അന്ന് ഉദ്ഘാടനം ചെയ്യുന്ന മറ്റ് പദ്ധതികള്‍.
ഇന്റഗേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രം
വീഡിയോ വാള്‍ റൂം, വാര്‍ റൂം,ഹെല്പ് ഡെസ്‌ക്,വര്‍ക്ക് ഏരിയാകള്‍,മീറ്റിംഗ് റൂമുകള്‍ എന്നിവയുണ്ടായിരിക്കും. 858.45 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.പദ്ധതി പ്രകാരം, സേവന വിതരണ കാര്യക്ഷമത മെച്ചപ്പെടുത്തിക്കൊണ്ട്, തത്സമയ നിരീക്ഷണം പ്രവര്‍ത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സംയോജിത സംവിധാനമാണിത്. 94 കോടി രൂപയാണ് പദ്ധതിച്ചെലവ്.പൊലീസ്,സിവില്‍ സപ്ലൈസ്,റവന്യൂ,ആരോഗ്യം,അഗ്‌നിശമനസേന തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഒരൊറ്റ പോയിന്റായി ഐ.സി.സി.സിയിലെ കണ്‍ട്രോള്‍ റൂമുകള്‍ അല്ലെങ്കില്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.
പാളയത്തെ പുനരധിവാസം 10ന് ആരംഭിക്കും
5ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കച്ചവടക്കാര്‍ക്കുള്ള പുനരധിവാസ ബ്‌ളോക്കിലേക്ക് 10ന് കച്ചവടക്കാരെ മാറ്റി പാര്‍പ്പിക്കും. നിര്‍മ്മാണം പൂര്‍ത്തിയായ രണ്ട് ബ്‌ളോക്കിലേക്കാണ് കച്ചവടക്കാരെ മാറ്റുന്നത്. നിര്‍മ്മാണം അവസാനഘട്ടത്തിലുള്ള മൂന്നാമത്തെ ബ്‌ളോക്കിലേക്ക് ഒരു മാസത്തിനകം കച്ചവടക്കാരെ മാറ്റും. മാര്‍ക്കറ്റിന് പിന്നില്‍ ട്രിഡയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 5990 ചതുരശ്രയടിയില്‍ നിര്‍മ്മിച്ച മൂന്ന് ബ്ലോക്കുകളിലായി 334ഓളം കച്ചവടക്കാര്‍ക്കാണ് സൗകര്യം. ഒന്നാമത്തെ ബ്ലോക്കില്‍ 205 കടകളും രണ്ടാമത്തെ ബ്ലോക്കില്‍ 95 കടകളും നഗരസഭയുടേതാണ്. രണ്ടാമത്തെ ബ്‌ളോക്കില്‍ ട്രിഡയ്ക്ക് 11 കടകളുണ്ട്. മൂന്നാമത്തെ ബ്ലോക്കില്‍ ട്രിഡയുടെ 33 കടകളും മത്സ്യസ്റ്റാളുകളും നിര്‍മ്മിച്ചിട്ടുണ്ട്.16 കോടിയാണ് നിര്‍മ്മാണച്ചെലവ്. ജൂണില്‍ പാളയം മാര്‍ക്കറ്റിന്റെ നവീകരണം ആരംഭിക്കും.
പാളയം മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് കേന്ദ്രം
പാളയം സാഫല്യം കോംപ്ലക്‌സില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സമുച്ചയത്തിന്റെ 90 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. ഏപ്രില്‍ അവസാനവാരം കേന്ദ്രം പൂര്‍ണമായി സജ്ജമാകും. നിര്‍മ്മാണം പൂര്‍ത്തിയായശേഷം പാര്‍ക്കിംഗ് നിരക്കുകള്‍ നിശ്ചയിക്കും. തിരുവനന്തപുരം വികസന അതോറിട്ടിയാണ് (ട്രിഡ) മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സമുച്ചയത്തിന്റെ ഉടമസ്ഥര്‍.
568 കാറുകളും 200ലധികം ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യാം.