s

ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന് തമാശയായിട്ടാണെങ്കിലും ഇപ്പോൾ പറഞ്ഞാൽ നമ്മുടെ മന്ത്രിമാരും പ്രതിപക്ഷ നേതാവും മാത്രമല്ല, ഗവർണർ വരെ പിണങ്ങിയെന്നു വരാം. അവരുടെയൊക്കെ ഉറക്കം മാത്രമല്ല, വെള്ളംകൂടി പോലും മുട്ടിക്കുന്ന 'ഭീകരജീവി'യല്ലേ കക്ഷി! കണ്ടാൽ പരമസാധു. ആരെയും അങ്ങോട്ടു കയറി ഉപദ്രവിക്കില്ല. മനുഷ്യരെ കണ്ടാൽ ഓടിയൊളിക്കും. നേരിട്ട് ആക്രമിച്ചാലേ ശൗര്യം കാട്ടൂ. രാത്രിഞ്ചരനാണ്. ഓടിട്ട പഴയ വീടുകളുടെ മച്ചുകളും നാലുകെട്ടുകളുമാണ് ഇഷ്ട വാസസ്ഥലം. മാംസഭോജിയല്ല. വെറും പച്ചക്കറി. പൂച്ചയുടെ മുഖം. പട്ടിയുടെ ശരീരം. ഇനി. പൂച്ചയ്ക്ക് പട്ടിയിലെങ്ങാനും ഉണ്ടായതാണോ!

പക്ഷേ, വിഷയം അതല്ല. അനുവാദമില്ലാതെ ഈച്ചയ്ക്കും ഉറുമ്പിനും പോലും കടക്കാനാവാത്തത്ര പഴുതടച്ച

സുരക്ഷയുള്ള രാജ്ഭവനിലും ക്ലിഫ് ഹൗസിലും മറ്റു മന്ത്രി മന്ദിരങ്ങളിലുമൊക്കെ കക്ഷി എങ്ങനെ ഇത്ര കൂസലില്ലാതെ, കണ്ണുവെട്ടിച്ച് വിലസുന്നു! മരപ്പട്ടിയെ പൊതുശത്രുവായി പ്രഖ്യാപിച്ചു കൂടേ? ക്ലിഫ് ഹൗസിന്റെ പോലും ഉറക്കം കെടുത്തുന്ന പുള്ളിയെ കല്ലും ഹെൽമെറ്റും കൊണ്ട് ഒതുക്കാൻ ഡി.വൈ.എഫ്.ഐ ജീവൻരക്ഷാ സ്കാഡുകളെ ഇറക്കിക്കൂടേ എന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ ട്രോളന്മാരുടെ ചോദ്യം. മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടിയുടെ വികൃതികൾ പുറംലോകം അറിഞ്ഞതുതന്നെ മുഖ്യമന്ത്രി പിണറായി സഖാവ് പറഞ്ഞിട്ടാണ്.

'ക്ളിഫ് ഹൗസിൽ വെള്ളം തുറന്നു വയ്ക്കാൻ പറ്റില്ല. മരപ്പട്ടിയുടെ മൂത്രം കുടിക്കേണ്ടി വരും! വസ്ത്രങ്ങൾ ഇസ്തിരിയിട്ട് വയ്ക്കാൻ പോലും കഴിയുന്നില്ല. ഈ മരപ്പട്ടിയെക്കൊണ്ട് തോറ്റു. ഊരിപ്പിടിച്ച വാളുകൾക്കും നീട്ടിപ്പിടിച്ച വാരിക്കുന്തങ്ങൾക്കും ഇടയിലൂടെ നെഞ്ചുവിരിച്ചു നടന്ന സഖാവിന് വെറുമൊരു മരപ്പട്ടിയെ പേടിയോ എന്നു ചോദിക്കുന്നത് ഔചിത്യക്കേടാണെന്ന് ട്രോളന്മാർ ഓർക്കുക. പഴയ പല മന്ത്രിമന്ദിരങ്ങളുടെയും തട്ടിൻ പുറങ്ങളിലും തൊടികളിലും വിലസി നടപ്പാണ് പുള്ളി. ക്ളിഫ് ഹൗസിലും മറ്റു മന്ത്രി മന്ദിരങ്ങളിലുമൊക്കെ വലിയ ആർഭാടങ്ങളും സുഖസൗകര്യങ്ങളുമാണെന്നും പശുത്തൊഴുത്തിൽ വരെ എ.സിയാണെന്നും.... എന്തൊക്കെ അപഖ്യാതികളാണ് ഈ പ്രതിപക്ഷം പറഞ്ഞു പരത്തിയത്.

മരപ്പട്ടികൾ അവർക്കു സമ്മാനിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണെന്ന സത്യം പലരും അറിയുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വാസസ്ഥലമായ കന്റോൺമെന്റ് ഹൗസിലും ഉണ്ടത്രെ മരപ്പട്ടി ബാധ. സതീശൻ തന്നെയാണ് ഇതു പറഞ്ഞത്. 'ഇവിടെയും ഒന്നിലധികം മരപ്പട്ടിയുണ്ട്. പുലർച്ചെ നാലു മണിയോടെ അതു കാരണം ഉണർന്നു.' ഇക്കാര്യത്തിലെങ്കിലും പിണറായി സഖാവിനോട് സതീശൻ യോജിച്ചല്ലോ! ദൈവത്തിനു സ്തുതി. ഇരുവരും യോജിച്ച സ്ഥിതിക്ക് മരപ്പട്ടിക്കെതിരെ നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം പാസാക്കിക്കൂടേ എന്നാണ് ഒരു ട്രോളന്റെ സംശയം.

ഗവർണറുടെ ഉറക്കം പോലും കെടുത്തിയെന്നു കേട്ടപ്പോഴാണ് മരപ്പട്ടി ഇത്ര വലിയ 'ആതങ്കവാദി'യാണെന്ന് അറിഞ്ഞത്. രാജ്ഭവനിലെ മിക്ക മുറികളിലും മച്ചുകളും അതിനു മുകളിൽ പാകിയ ഓടുകളുമാണ് മരപ്പട്ടികളുടെ സുഖവാസ കേന്ദ്രം. പക്ഷേ, ഇപ്പോൾ അവയ്ക്ക് രാജ്ഭവനിൽ കയറിപ്പറ്റാനാവുന്നില്ലത്രെ. ഗവർണർക്ക് അതിന്റെ സൂത്ര വിദ്യ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂടി പറഞ്ഞു കൊടുക്കാമായിരുന്നു. പക്ഷേ,ഗവർണറും അവരും തമ്മിൽ ഇപ്പോഴുള്ള ഇരിപ്പുവശം വച്ച് അത് നടക്കുമെന്നു തോന്നുന്നില്ല. എന്നുവച്ച് മരപ്പട്ടികളെ ഇനി നിർബാധം കളിക്കാൻ വിടുമെന്നും കരുതേണ്ട. മന്ത്രി മന്ദിരങ്ങൾ മോടിയാക്കുന്നതിന് സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. മരപ്പട്ടികൾ ജാഗ്രതൈ!

 

ഇതു താൻടാ ഗവർണർ! പൂക്കോട് വെറ്ററിനറി സ‌ർവകലാശാലാ വിദ്യാർത്ഥി സിദ്ധാ‌ത്ഥ് കോളേജിലെ പീഡനത്തെ തുടർന്ന് തൂങ്ങിമരിച്ച സംഭവത്തിൽ വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്യുകയും, പകരം വി.സിയെ നിയമിക്കുകയും ചെയ്ത ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ കൈയടിച്ച് അഭിനന്ദിക്കുന്നവരിൽ ബി.ജെ.പിക്കാർ മാത്രമല്ല, യു.ഡി.എഫുകാരുമുണ്ട്. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തുന്നതിന് ജഡ്ജിയുടെ സേവനം തേടി ഗവർണർ ഹൈക്കടതിക്ക് കത്തെഴുതിയതിനെയും അവർ അഭിനന്ദിക്കുന്നു. പുര കത്തുമ്പോൾ വാഴ വെട്ടുന്നുവെന്ന് ഭരണപക്ഷം ആരോപിക്കുമ്പോൾ,പാടത്തെ പണിക്ക് വരമ്പത്ത് കൂലിയെന്നാണ് ഗവർണറുടെ ഭാവം.

കേളേജിൽ സിദ്ധാർത്ഥിനെ മൂന്നു ദിവസം തുടർച്ചയായി എസ്.എഫ്.ഐക്കാരുടെ ആൾക്കൂട്ട സംഘം പരസ്യമായി

ക്രൂര മർദ്ദനത്തിന് ഇരയാക്കിയിട്ടും അതു തടയാനോ പൊലീസിൽ പരാതിപ്പെടാനോ വൈസ് ചാൻസലറോ ഡീനോ

തയ്യാറായില്ലെന്നാണ് ഗവർണറും പ്രതിപക്ഷവും ഉന്നയിക്കുന്ന ആരോപണം. കേസിലെ പ്രതികളെ സി.പി.എമ്മും

പൊലീസും സംരക്ഷിക്കുകയാണെന്നും അവർ ആരോപിക്കുന്നു. എന്നാൽ, കേസിലെ 18 പ്രതികളെയും പൊലീസ്

പിടികൂടിയില്ലേ എന്നാണ് ഭരണപക്ഷത്തിന്റെ മറുചോദ്യം. എന്തായാലും തിരഞ്ഞെടുപ്പു വേളയിൽ സർക്കാരിനെ അടിക്കാനുള്ള വലിയൊരു ആയുധമാണ് പ്രതിപക്ഷത്തിന് വീണുകിട്ടിയത്.

നിയമസഭ പാസാക്കിയ ലോകായുക്ത ഭേദഗതി ബിൽ ഗവർണർ ഒപ്പിടാതെ അയച്ചിട്ടും, രാഷ്ട്രപതി ഒപ്പിട്ട് തിരിച്ചയച്ചത് തങ്ങളുടെ ധാർമ്മിക വിജയവും ഗവർണർക്കേറ്റ തിരിച്ചടിയുമാണെന്ന് സർക്കാരും ഭരണപക്ഷവും. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ പിടികൂടുന്നതിനുള്ള ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞെന്നു വിലപിച്ച് പ്രതിപക്ഷവും. അതിനിടെയാണ് അശിനിപാതം പോലെ പൂക്കോട് സംഭവം. ലോകായുക്ത ബിൽ രാഷ്പതി ഒപ്പിട്ടതിൽ ജാള്യം പിണഞ്ഞ ഗവർണറാവട്ടെ, സർവകലാശാലകളിൽ ചാൻസലർ എന്ന നിലയിലുള്ള തന്റെ അധികാരം കവരുന്ന മൂന്നു ബില്ലുകൾ രാഷ്ട്രപതി പിടിച്ചുവച്ചതിന്റെ ആവേശത്തിലാണ്.

സർവകലാശാലയിൽ തന്റെ പരമാധികാരം പ്രയോഗിക്കാനുള്ള അവസരം ഉടനെ വീണുകിട്ടിയല്ലോ. തന്നെ തെരുവിൽ കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐക്കാർക്കും അതിന് ഒത്താശ ചെയ്ത സർക്കാരിനും തിരിച്ച് പണികൊടുക്കാനും കഴിഞ്ഞു.

ഈ വർഷം സെപ്തംബറിൽ കാലാവധി അവസാനിക്കുന്നതിനു മുമ്പ് കേരളത്തിലെ സർവകലാശാലകളെ

ശുദ്ധീകരിച്ചേ അടങ്ങൂ എന്ന വാശിയാലാണത്രെ ഗവർണർ. അപ്പോൾ അദ്ദേഹം പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.പിയിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമെന്നും കേന്ദ്ര മന്ത്രിയാവുമെന്നുമൊക്കെ കേട്ടതോ? എങ്കിൽ ഗവർണർ സ്ഥാനം ഉടനെ ഒഴിയേണ്ടിവരില്ലേ? സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കാനിരിക്കുന്നതും നല്ലതിന്!

നുറുങ്ങ്:

കോൺഗ്രസിന്റെ സമരാഗ്നി ജാഥയുടെ സമാപനത്തിൽ ഡി.സി.സി പ്രസിഡന്റ് പാലോട് രവി 'ജനഗണ മംഗളം'

പാടിയെന്ന് വാർത്ത.

ഗുണ പാഠം: ദേശീയഗാനം കാണാതെ പഠിച്ച് പാടുന്നവർക്കേ മേലിൽ കോൺഗ്രസ് മെമ്പർഷിപ്പ് നൽകാവൂ.

( വിദുരരുടെ ഫോൺ.9946108221)