film

സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' എന്ന ചിത്രത്തിന്റെ പേര് മാറ്റുമെന്ന് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ നിലവിലെ പേരിൽ നിന്ന് ഭാരതം മാറ്റി സർക്കാർ ഉൽപ്പന്നം എന്നാക്കണമെന്ന സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ആവശ്യ പ്രകാരമാണിത്.

കാരണം വ്യക്തമാക്കാതെയാണ് സെൻസർ ബോർഡിന്റെ നിർദ്ദേശമെന്നും നിവർത്തിയില്ലാത്തതുകൊണ്ടാണ് ചിത്രത്തിന്റെ പേര് മാറ്റുന്നതെന്നും അണിയറ പ്രവർത്തകർ പ്രതികരിച്ചു. ഒരു ഭാരത സർക്കാർ ഉൽപ്പന്നം എന്ന പേര് മാറ്റിയില്ലെങ്കിൽ പ്രവേശനാനുമതി നൽകികൊണ്ടുളള സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന ബോർഡിന്റെ നിലപാടിനെ തുടർന്നാണ് പുതിയ നീക്കം.

ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം പുരുഷ വന്ധ്യകരണത്തെക്കുറിച്ച് പറയുന്ന ഒരുകോമഡി ഡ്രാമയാണ്. ടി വി കൃഷ്ണൻ തുരുത്തി, രഞ്ജിത്ത് ജ​ഗന്നാഥൻ, കെ സി രഘുനാഥൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. അജു വർ​ഗീസ്, ലാൽ ജോസ്, ജാഫർ ഇടുക്കി, ജോയ് മത്യു, വിനീത് വാസുദേവൻ, ​വിജയ് ബാബു, ദർശന എസ് നായർ, ഹരീഷ് കണാരൻ, ​ഗോകുലൻ, റിയാ സൈറ തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുരളി കെ വി രാമന്തളിയാണ് ചിത്രത്തി​ന്റെ സഹനിർമ്മാതാവ്. ഒപ്പം അൻസർ ഷായാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്.