sidharthan-murder

നെടുമങ്ങാട് : മകൻ എസ്.എഫ്.ഐയിൽ ചേർന്നെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നെന്ന് പിതാവ് ആവർത്തിക്കുമ്പോൾ,​ സിദ്ധാർത്ഥ്‌ തങ്ങളുടെ പ്രിയ പ്രവർത്തകനെന്ന് വീടിന് മുന്നിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ച് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും !

'' പൂക്കോട് ഗവ.വെറ്ററിനറി കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനും കുറക്കോട് നിവാസിയുമായ സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ക്രിമിനലുകളെയും അറസ്റ്റ് ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം""- ഇങ്ങനെയാണ് ബോർഡിലെ വാചകങ്ങൾ. സി.പി.എം പതിനൊന്നാംകല്ല് ബ്രാഞ്ചിന്റെയും ഡിവൈ.എഫ്.ഐ യൂണിറ്റിന്റെയും പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യപ്രതി സിൻജോ ജോൺസൺ ആണ് പിടിയിലായത്. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കാശിനാഥൻ എന്ന പ്രതിയും കീഴടങ്ങി. ഇതോടെ കേസിൽ 13 പേർ പിടിയിലായി. സിദ്ധാർത്ഥിനെതിരായ എല്ലാ അക്രമങ്ങൾക്കും നേതൃത്വം നൽകിയത് എസ്എഫ്‌ഐയുടെ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസൺ ആണെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ടി ജയപ്രകാശ് പറഞ്ഞിരുന്നു.