
മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ് 1998ൽ തിയേറ്ററുകളിൽ ഗംഭീര വിജയമായി തീർന്ന സിബി മലയിൽ ചിത്രം സമ്മർ ഇൻ ബത്‌ലഹേം. സൗഹൃദത്തെയും പ്രണയത്തെയും കുടുംബബന്ധങ്ങളെയും ഒരുപോലെ കോർത്തിണക്കിയ ചിത്രം ഇന്നും മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഡെന്നീസിലൂടെ സുരേഷ് ഗോപിയും രവിയിലൂടെ ജയറാമും സൗഹൃദത്തിന്റെ മാന്ത്രിക വലയം സൃഷ്ടിച്ചപ്പോൾ അഭിരാമിയിലൂടെ നിരഞ്ചനോടുളള പ്രണയത്തിന്റെ തീവ്രത മഞ്ജു വാര്യയറും ആരാധകരുടെ മനസിലെത്തിച്ചു.
മോഹൻലാൽ അതിഥി വേഷത്തിലെത്തിയ ചിത്രത്തിൽ ഇപ്പോഴും ആരാധകർക്കിടയിൽ നിലനിൽക്കുന്ന ഒരു ചോദ്യമുണ്ട്. രവിക്ക് പൂച്ചക്കുട്ടിയെ സമ്മാനമായി അയച്ച കാമുകി ആരാണെന്നും സമ്മർ ഇൻ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം എപ്പോൾ പുറത്തിറങ്ങുമെന്നും, ഈ ചോദ്യങ്ങൾക്ക് സിബി മലയിൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ ഉത്തരമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
'ഏത് ക്യാമ്പസിൽ പരിപാടിക്ക് പോയാലും പ്രത്യേകിച്ച് വിമെൻസ് കോളേജുകളിൽ എത്തുമ്പോൾ കൂടുതലായും കേൾക്കുന്ന ഒരു ചോദ്യമാണിത്. സമ്മർ ഇൻ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം ചെയ്യണമെങ്കിൽ ഇന്നത്തെ തലമുറയെ സംതൃപ്തിപ്പെടുത്തുന്ന ഒരു കഥയാണ് ആദ്യം വേണ്ടത്. എപ്പോഴും ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നത് ആദ്യ ഭാഗത്തെക്കാൾ ഒരുപടി മുകളിൽ നിൽക്കുന്നതായിരിക്കണം. അങ്ങനെയൊരു കഥ കിട്ടുമ്പോൾ തീർച്ചയായും ചെയ്യും'- സിബി മലയിൽ പറഞ്ഞു.