
തിരുവനന്തപുരം: മകന്റെ മരണത്തിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് ഏതെങ്കിലും തരത്തിൽ സഹായം ചെയ്യുന്നവരെയും കുറ്റവാളികളായി കണക്കാക്കണമെന്ന് പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ്. കോളേജിലുളളത് എസ്എഫ്ഐ മാത്രമാണ്. തുടക്കം മുതലേ സിപിഎമ്മിന്റെ സഹായം എസ്എഫ്ഐയ്ക്ക് ലഭിക്കുന്നുണ്ടെന്നും ജയപ്രകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'എസ്എഫ്‌ഐയുടെ ഭാരവാഹികളാണ് പ്രതികൾ. സിബിഐ അന്വേഷണം ഞങ്ങൾ ഇപ്പോൾ ആവശ്യപ്പെടുന്നില്ല. ഇപ്പോൾ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരിൽ വിശ്വാസമുണ്ട്. പ്രതികളുടെ മേൽ ചുമത്തുന്ന വകുപ്പുകളെന്തെല്ലാമെന്ന് നോക്കുന്നുണ്ട്. രക്ഷപ്പെടുത്താനുള്ള ശ്രമമാണെങ്കിൽ മറ്റ് ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടും.തനിക്ക് പ്രതികളായ വിദ്യാർത്ഥികളെ ഒന്നും അറിയില്ല. മകന്റെ മൃതദേഹവുമായി ചില കുട്ടികൾ വീട്ടിൽ വന്നു. അവരിലൊരാൾ പറഞ്ഞു. അങ്കിളേ, ഒരു കാര്യം പറയാനുണ്ട്. അത് നിങ്ങളോടോ സിദ്ധാർത്ഥിന്റെ അമ്മയോടോ പറയണം. അമ്മ അത് കേൾക്കാനുള്ള സാഹചര്യത്തിലല്ല, എന്നോട് പറഞ്ഞോളൂവെന്ന് പറഞ്ഞു'- അദ്ദേഹം പറഞ്ഞു.
'രണ്ട് പെൺകുട്ടികളും ആൺകുട്ടികളുമുണ്ട്. ഇത് പറയാതെ പോയാൽ തങ്ങൾക്ക് ജീവിതകാലം മുഴുവൻ സമാധാനം കിട്ടില്ലെന്ന് അവർ പറഞ്ഞു. പുറത്ത് പറഞ്ഞാൽ സിൻജോ തലവെട്ടുമെന്ന് പറഞ്ഞുകൊണ്ടാണ് അവർ തുടങ്ങിയത്.സിൻജോയും കൂട്ടുകാരും അവനെ ഹോസ്റ്റൽ മുറിയിലിട്ട് കൊന്ന് തൂക്കിയതാണ് അങ്കിളേ....അക്ഷയ്, റയാൻ, ഡാനിഷ് എന്നിവരും അവരുടെ കൂടെയുണ്ടായിരുന്നു നിങ്ങൾ ഫൈറ്റ് ചെയ്യണമെന്ന് പറഞ്ഞിട്ട് കുട്ടികൾ പോയി. തൂങ്ങി മരിച്ചതാണെന്ന് കരുതിയിരുന്ന ഞാൻ അപ്പോഴാണ് ഈ വിവരം അറിയുന്നത്. അക്ഷയും റയാനും ഡാനിഷും അവന്റെ റൂംമേറ്റ്‌സായിരുന്നു. അവരുടെ പേരുകൾ അവന്റെ അമ്മ പറയാറുണ്ടായിരുന്നു'- ജയപ്രകാശ് വ്യക്തമാക്കി,
'സിൻജോയാണ് ഏറ്റവും ക്രൂരമായി അവനെ അക്രമിച്ചതെന്നാണ് ഞങ്ങൾക്ക് വിവരം കിട്ടിയത്. ഇന്നലെ സിപിഎം നേതാക്കളൊക്കെ വന്നു ഇവിടെ. ഞങ്ങൾ ആരേയും സംരക്ഷിക്കില്ലെന്ന് അവർ പറഞ്ഞു. നിങ്ങൾ സംരക്ഷിക്കുന്നില്ലെങ്കിൽ, മറ്റു പാർട്ടിക്കാരൊക്കെ അവിടെ സമരം ചെയ്യുന്നുണ്ട്, നിങ്ങൾ എന്തുകൊണ്ട് സമരം ചെയ്യുന്നില്ലെന്ന് ഞാൻ അവരോട് ചോദിച്ചു. എനിക്ക് നീതി കിട്ടണം. നിങ്ങൾ കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയല്ലേ. എന്റെ മകന്റെ കൂടെ നിൽക്കാത്തത് എന്തുകൊണ്ടാണ്' -ജയപ്രകാശ് ചോദിച്ചു.