m-r-shashindranath

വയനാട്: സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ അന്വേഷണ വിധേയമായി അസിസ്റ്റന്റ് വാർഡനെയും വാർഡനായ ഡീനിനെയും സസ്‌പെൻഡ് ചെയ്യാനിരിക്കുകയായിരുന്നുവെന്ന് വി സി ഡോ. എം ആർ ശശീന്ദ്രനാഥ്. ഇന്നുരാവിലെ രണ്ടുപേരെയും സസ്‌പെൻഡ് ചെയ്യാനിരിക്കെയാണ് തന്നെ സസ്‌പെൻഡ് ചെയ്തതായുള്ള ഗവർണറുടെ ഉത്തരവ് പുറത്തുവന്നതെന്ന് ഡോ. എം ആർ ശശീന്ദ്രനാഥ് പറഞ്ഞു.

'സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് രണ്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. ആന്റി റാഗിംഗ് സ്‌ക്വാഡും ആന്റി റാഗിംഗ് കമ്മിറ്റിയുമാണ് രൂപീകരിച്ചത്. ഇന്നലെയായിരുന്നു യുജിസിക്ക് അന്വേഷണ റിപ്പോർട്ട് നൽകാനുള്ള തീയതി. ഇന്നലെ രാത്രി പത്തരയ്ക്കാണ് ഡീൻ റിപ്പോർട്ട് നൽകുന്നതും യുജിസിക്ക് അപ്പ്‌ലോഡ് ചെയ്യുന്നതും. അന്വേഷണത്തിൽ ഇരുവർക്കും വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് അസിസ്റ്റന്റ് വാർഡനെയും വാർഡനായ ഡീനിനെയും ഇന്നുരാവിലെ സസ്‌പെൻഡ് ചെയ്യാനിരിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കവേയാണ് വിസിയെ സസ്‌‌‌പെൻഡ് ചെയ്തത്. അതിനാൽ എനിക്ക് ഉത്തരവ് പുറത്തിറക്കാൻ സാധിച്ചില്ല.

ക്രിമിനൽ മനസുള്ള വിദ്യാർത്ഥികളാണ് കോളേ‌ജ് നിയന്ത്രിക്കുന്നതെന്ന വാദം അംഗീകരിക്കാനാവില്ല. കോളേജ് ഹോസ്റ്റലുകളിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഡീൻ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഒരുകാരണവശാലും സംഭവിക്കാൻ പാടില്ലാത്തതാണ് കോളേജിൽ നടന്നത്.

എന്റെ ടേം അവസാനിക്കാൻ അഞ്ചുമാസം കൂടിയാണ് ഉള്ളത്. സസ്‌പെൻഷനെതിരെ നിയമനടപടിക്ക് പോകേണ്ട എന്നതാണ് എന്റെ തീരുമാനം. കോളേജിൽ പിഎഫ്ഐ- എസ് എഫ് ഐ ബന്ധമുണ്ട് എന്ന വാദം അംഗീകരിക്കാനാവില്ല. ഗവർണറുടെ നടപടി പ്രതികാര നടപടിയാണെന്ന് കരുതാനാവില്ല'- ഡോ. എം ആർ ശശീന്ദ്രനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു.