
നാല്പത്തിനാല് നദികളുടെ നാടാണ് കേരളം. ഇവയ്ക്കു പുറമേ, അരുവികളും തോടുകളും കായലുകളും ഗ്രാമീണതയുടെ അടയാളങ്ങളായ കുളങ്ങളും കിണറുകളുമൊക്കെ ചേർന്ന് ജലസമൃദ്ധിയുടെ ഭൂപടം തീർക്കുന്ന കേരളം വേനൽ കടുക്കുന്നതോടെ രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയാകാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. ഈ വർഷം പതിവിലും കടുത്തതാകും ജലദാരിദ്ര്യമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കുംഭപ്പാതി കഴിഞ്ഞതേയുള്ളൂ. ഇനി മീനവും മേടവും കൂടി കടന്നുവേണം ഇടവത്തിൽ പ്രതീക്ഷിക്കുന്ന മഴ കിട്ടാൻ. സംസ്ഥാനത്ത് ഭൂഗർഭ ജലശേഖരത്തിന്റെ അളവ് ആശങ്കയുളവാക്കും വിധം കുറഞ്ഞതിന്റെ കണക്കുകളും ഈയിടെ പുറത്തുവന്നിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, ഇനിയുള്ള വേനലുകളിൽ അത്യുഷ്ണവും ജലക്ഷാമവുംകൊണ്ട് കേരളം മരുഭൂമിക്കു തുല്യമാകും.
പൊതുവെ മഴയുടെ അളവിലുണ്ടായ കുറവും, കാലാവസ്ഥാ വ്യതിയാനവും ചേർന്ന് വരുത്തിവച്ച കെടുതികൾക്കു മീതെയാണ്, മഴവെള്ളം ഭൂമിയുടെ ഉള്ളറകളിലെ സംഭരണകേന്ദ്രങ്ങളിലേക്ക് ആഴ്ന്നിറങ്ങേണ്ട വയലുകളും, ഗ്രാമങ്ങളുടെ ഏറ്റവും വലിയ ജലസ്രോതസ്സുകളായിരുന്ന കുളങ്ങളും കിണറുകളും മറ്റും നികത്തുന്നതു മൂലം നമ്മൾതന്നെ വരുത്തിവച്ച ശുദ്ധജല ക്ഷാമം. നിയന്ത്രണങ്ങളില്ലാത്ത കുഴൽക്കിണർ നിർമ്മാണവും, വീണ്ടുവിചാരമില്ലാത്ത അമിത ജല ഉപഭോഗവും കൂടി ചേരുമ്പോൾ സ്ഥിതി കൂടുതൽ അപകടകരമാകും. മണ്ണിൽ ആഴ്ന്നിറങ്ങുന്ന മഴവെള്ളമാണ് ഭൂഗർഭജലമായി സംഭരിക്കപ്പെടുന്നതെന്നും, ഇതാണ് കുഴൽക്കിണറുകളുടെയും മറ്റു കിണറുകളുടെയും ഇതര ജലസ്രോതസുകളുടെയും ജലജീവനെന്നും മറന്നുകൊണ്ട് നമ്മൾ നടത്തുന്ന പരിസ്ഥിതി വിരുദ്ധ ചെയ്തികളുടെ സ്വാഭാവികമായ പരിണതി തന്നെയാണ് രൂക്ഷമായ വരൾച്ചയും ജലക്ഷാമവും.
കേരളം കൊടുംവരൾച്ചയുടെ പിടിയിലാകുന്നതിന്റെയും നേരിടാനിരിക്കുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെയും അപകടലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടു തന്നെ ദീർഘവർഷങ്ങളായി. ആ ലക്ഷണം തിരിച്ചറിഞ്ഞാണ്, മഴവെള്ള സംഭരണത്തിനുള്ള ചില ജനകീയ പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആവിഷ്കരിച്ചതും നടപ്പാക്കാൻ ശ്രമിച്ചതും. മഴക്കുഴിയും മഴക്കൊയ്ത്തും പോലുള്ള ആ പദ്ധതികൾ പരാജയപ്പെട്ടപ്പോൾ അടുത്ത പടിയെന്ന നിലയിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉൾപ്പെടെയുള്ള കെട്ടിട നിർമ്മിതികൾക്ക് ഒപ്പംതന്നെ മഴവെള്ള സംഭരണത്തിനു കൂടി സംവിധാനം വേണമെന്ന് കർശനമായി വ്യവസ്ഥചെയ്ത് 2011-ൽ തദ്ദേശസ്വയംഭരണ വകുപ്പ് ഒരു ഉത്തരവിറക്കിയത്.
ഇതു പിന്നീട് കെട്ടിട നിർമ്മാണ ചട്ടത്തിന്റെ ഭാഗമാക്കുകയും ചെയ്തു. മഴവെള്ള സംഭരണ സംവിധാനമില്ലാത്ത, നിശ്ചിത വിസ്തൃതിയിൽ കൂടുതലുള്ള നിർമ്മിതികൾക്ക് കെട്ടിട നമ്പർ നല്കേണ്ടതില്ലെന്നായിരുന്നു വ്യവസ്ഥ. ആദ്യമാദ്യം കർശനമായി പാലിക്കപ്പെട്ട ഈ വ്യവസ്ഥ പിന്നീട് സൗകര്യപൂർവം മറക്കപ്പെടുകയായിരുന്നു. എന്തിനും കുറുക്കുവഴി കണ്ടുപിടിക്കുന്ന മിടുക്കന്മാർ, കെട്ടിട നമ്പറിനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിക്കുന്ന പ്ളാനിൽ മഴവെള്ള സംഭരണി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. കെട്ടിടത്തിൽ ഇതുണ്ടാകില്ലെന്നു മാത്രം!
കെട്ടിടങ്ങളുടെ ഭാഗമായി നിർമ്മിച്ച മഴവെള്ള സംഭരണികളിൽ മഴക്കാലത്ത് ശേഖരിച്ചു സൂക്ഷിക്കുന്ന വെള്ളംകൊണ്ടു മാത്രം ഏതു കടുത്ത വേനലിനെയും കൂളായി നേരിടുന്ന വീടുകളും മറ്റു നിർമ്മിതികളും കേരളത്തിലുണ്ട്. മണ്ണിൽ വെള്ളത്തിന്റെ റീചാർജിംഗിന് അവസരമൊരുക്കുന്ന മഴക്കുഴികളും മറ്റും വ്യാപകമാക്കുന്നതിനൊപ്പം, മഴവെള്ള സംഭരണി നിർബന്ധമാക്കിക്കൊണ്ട് നിലവിലുള്ള ഉത്തരവ് കർശനമായി നടപ്പാക്കുകയും വേണം. ഫ്ളാറ്റുകളുടെ വ്യാപനത്തോടെയാണ് സംസ്ഥാനത്ത് എല്ലാ നിയന്ത്രണങ്ങളും മറികടന്നുള്ള കുഴൽക്കിണർ നിർമ്മാണം തകൃതിയായത്. പാർപ്പിട വ്യാപനം ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മഴവെള്ള സംഭരണത്തിനുള്ള സ്വാഭാവിക മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും, കെട്ടിടങ്ങൾക്ക് മഴവെള്ള സംഭരണികൾ നിർബന്ധമാക്കുകയും മാത്രമാണ് പരിഹാരം.