p-c-george

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ തഴയപ്പെട്ടതിന്റെ നീരസത്തിലാണ് പി സി ജോർജ്. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അനിൽ ആന്റണിക്ക് വിജയിക്കുക ദുഷ്‌കരമായിരിക്കുമെന്ന് പി സി ജോർജ് പറഞ്ഞു.

'അനിൽ ആന്റണിയെ മണ്ഡലത്തിന് പരിചയമില്ല. ഞാൻ മത്സരിക്കണമെന്ന് പത്തനംതിട്ടക്കാർ ആഗ്രഹിച്ചിരുന്നു. സ്ഥാനാർത്ഥിയായി ഞാൻ ഓടുന്നതിൽ കൂടുതൽ ഓടിയാൽ മാത്രമേ അനിലിനെ പരിചയപ്പെടുത്താനാകൂ. ആ ഒരു ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം''- പി സി ജോർജ് പറഞ്ഞു.

'പാർട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കും. അനിൽ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണിത്ര പ്രിയമെന്ന് അറിയില്ല. അനിൽ ആന്റണിയെ സ്ഥാനാർത്ഥിയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണ്. കെ സുരേന്ദ്രനോ, പി എസ് ശ്രീധരൻ പിള്ളയോ പത്തനംതിട്ടയിൽ മത്സരിക്കാമായിരുന്നു.

പത്തുപേരെ നിർത്തി അനിൽ ആന്റണി ആരാണെന്ന് ചോദിച്ചാൽ ആർക്കും മനസിലാവില്ല. ബിഷപ്പുമാർക്കും എൻഎസ്‌എസ് നേതൃത്വത്തിനും പി എസ് ശ്രീധരൻപിള്ള സ്ഥാനാ‌ർത്ഥിയാകണമെന്നായിരുന്നു താത്‌പര്യം. ആ നിലയ്ക്കുള്ള ഒരു ദുഃഖമേ എനിക്കുള്ളൂ. അവരോടൊക്കെ എന്ത് പറയും? '- പി സി ജോർജ് ചോദിച്ചു.