sports-council

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ രണ്ടു ദിവസം ശമ്പളം വൈകിയതിന്റെ പേരിൽ പ്രതിഷേധിക്കുമ്പോൾ കഴിഞ്ഞ രണ്ടു മാസമായി ശമ്പളവും പെൻഷനുമില്ലാതെ സങ്കടപ്പെടുകയാണ് അർദ്ധ സർക്കാർ സ്ഥാപനമായ സംസ്ഥാന സ്പോർട്സ് കൗൺസിൽ ജീവനക്കാർ. കൗൺസിൽ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ബഡ്ജറ്റ് വിഹിതത്തിൽ വർദ്ധന ഉണ്ടാകാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. സ്ഥിരജീവനക്കാർ, താത്കാലിക പരിശീലകർ, ഹോസ്റ്റൽ/സ്റ്റേഡിയങ്ങളിലെ ദിവസവേതനക്കാർക്കടക്കം ഈവർഷം ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല.

പ്ളാൻ, നോൺ പ്ളാൻ ഫണ്ടിലെ തുക കൃത്യമായി വേർതിരിച്ച് അക്കൗണ്ടുകളിലേക്ക് മാറ്റാത്തതിനാലാണ് ജനുവരിയിലെ ശമ്പളം മുടങ്ങിയത്. കൗൺസിൽ ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ശമ്പളത്തുക നൽകാൻ ധനകാര്യവകുപ്പ് തയ്യാറായില്ല. ഇത് പരിഹരിച്ചപ്പോഴേക്കും ശമ്പളം നൽകാൻ അധിക ബഡ്ജറ്റ് വിഹിതം വേണ്ട സ്ഥിതിയായി. ഇതിനായി ധനവകുപ്പിന് കത്തുനൽകിയെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തടസമായി. ഇതോടെ ഫെബ്രുവരിയിലെ ശമ്പളവും മുടങ്ങി.

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കൗൺസിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിരുന്നത്. പലപ്പോഴും ആഴ്ചകൾ വൈകിയാണ് ശമ്പളം ലഭിച്ചിരുന്നത്. വകുപ്പ് മന്ത്രിയു‌ടെ ഇടപെടലിൽ പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും വീണ്ടും പ്രതിസന്ധിയിലായി.

അരുണാചലിൽ നിന്നൊരു സങ്കടപ്പോസ്റ്റ്

അരുണാചൽ പ്രദേശിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തിന്റെ പരിശീലകനായ സതീവൻ ബാലൻ തനിക്ക് പെൻഷൻ മുടങ്ങിയതിനെപ്പറ്റി ഫേസ്ബുക്കിൽ പങ്കുവച്ച സങ്കടക്കുറിപ്പ് വൈറലായി. 25 വർഷത്തോളം കൗൺസിലിൽ ജോലി നോക്കിയ തങ്ങൾക്ക് മറ്റൊരു വരുമാനമില്ല. ഇപ്പോഴും സംസ്ഥാനത്തിനായി ദൂരദേശത്ത് പ്രവർത്തിക്കുന്നു. പക്ഷേ, കുട‌ുംബത്തെ നോക്കാൻ കഴിയുന്നില്ല. അർജന്റീനയുടെ മത്സരം നടത്താൻ കോടികൾ ചെലവിടാൻ മടിക്കാത്തവർ പാവം പരിശീലകരുടെ കണ്ണീരുകൂടി കാണണമെന്നും സതീവൻ കുറിച്ചു. 2018ൽ കേരളത്തെ സന്തോഷ് ട്രോഫി ജേതാക്കളാക്കിയ കോച്ചാണ് സതീവൻ ബാലൻ.