g

ന്യൂഡൽഹി: ഒക്‌ടോബറിൽ ആന്ധ്രാപ്രദേശിൽ 14 യാത്രക്കാരുടെ ജീവനെടുത്ത ട്രെയിൻ അപകടത്തിന് പിന്നിൽ ലോക്കോ പൈലറ്റുമാരുടെ അനാസ്ഥയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൂട്ടിയിടിച്ച ട്രെയിനുകളൊന്നിന്റെ ലോക്കോ പൈലറ്റും സഹ പൈലറ്റും മൊബൈൽ ഫോണിൽ ക്രിക്കറ്റ് കാണുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. റെയിൽവേയിൽ പുതിയ സുരക്ഷാ നടപടികൾ നടപ്പാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മന്ത്രി അപകടത്തെക്കുറിച്ച് വ്യക്തമാക്കിയത്.

കഴിഞ്ഞ ഒക്ടോബർ 29നാണ് വിജയനഗര ജില്ലയിലെ കണ്ടകപള്ളിയിലെ ഹൗറ-ചെന്നൈ പാതയിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ചത്. വിശാഖപട്ടണം പലാസ ട്രെയിനിന്റെ പിന്നിലേക്ക് രായഗഡ പാസഞ്ചർ ഇടിച്ചുകയറുകയായിരുന്നു. 50 പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ലോക്കോ പൈലറ്റും സഹ പൈലറ്റും ​ക്രിക്കറ്റ് കാണുന്നതിനിടെ ശ്രദ്ധതെറ്റി. ട്രെയിൻ ഓടിക്കുമ്പോൾ ശ്രദ്ധ അതിൽമാത്രമായിരിക്കണമെന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾക്കാണ് മുൻഗണന.

ട്രെയിൻ അപകടങ്ങളുടെ കാരണം കണ്ടെത്താൻ ശ്രമിച്ച് അത് പരിഹരിക്കാനുള്ള ശ്രമം തുടരും. സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്നത്തെ അപകടത്തിൽ രണ്ട് ജീവനക്കാരും മരിച്ചിരുന്നു.അതേസമയം അപകടത്തിന്റെ കാരണം വ്യക്തമാക്കുന്ന കമ്മിഷണേഴ്‌സ് ഒഫ് റെയിൽവേ സേഫ്റ്റിയുടെ ഔദ്യോഗിക റിപ്പോർട്ട് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

അപകടത്തിന് തൊട്ടുപിന്നാലെ റെയിൽവേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. റായഗഡ പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെയും സഹപൈലറ്റിന്റെയും വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. പൈലറ്റുമാർ സിഗ്നലുകൾ അവഗണിച്ചുവെന്നും സുരക്ഷാ മുൻകരുതലുകൾ ലംഘിച്ചുവെന്നും കണ്ടെത്തിയിരുന്നു.