
മുംബയ് : തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി സെമിഫൈനലിൽ മുംബയ് മികച്ച ലീഡിലേക്ക്. ആദ്യ ഇന്നിംഗ്സിൽ 146 റൺസിന് പുറത്തായ തമിഴ്നാടിനെതിരെ രണ്ടാം ദിവസം കളിനിറുത്തുമ്പോൾ 353/9 എന്ന നിലയിലാണ് മുംബയ്. 207 റൺസിന്റെ ലീഡാണ് മുംബയ് ഇപ്പോഴുള്ളത്.
ഇന്നലെ 45/2 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ മുംബയ് വാലറ്റക്കാരൻ ശാർദൂൽ താക്കൂറിന്റെ (109) സെഞ്ച്വറിയുടേയും തനുഷ് കോട്ടിയാന്റേയും (74) ഇന്ത്യൻ താരം സർഫ്രാസ് ഖാന്റെ അനുജൻ മുഷീർ ഖാന്റെയും (55) അർദ്ധ സെഞ്ച്വറിയുടേയും മികവിലാണ് ലീഡിലേക്ക് എത്തിയത്.ഒരു ഘട്ടത്തിൽ 211/8 എന്ന നിലയിലായിരുന്ന മുംബയ്‌യെ താക്കൂറും കോട്ടിയാനും ചേർന്നാണ് 290ലെത്തിച്ചത്. രഞ്ജി ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേടിയ ശാർദൂൽ താക്കൂർ പുറത്തായശേഷം കോട്ടിയാൻ തുഷാർ ദേശ്പാണ്ഡെയ്ക്ക് ഒപ്പമാണ് 353ലെത്തിച്ചത്. ബി.സി.സി.ഐയുടെ കർശന നിലപാടിനെത്തുടർന്ന് മുംബയ്‌ക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കാനിറങ്ങിയ ശ്രേയസ് അയ്യർ മൂന്ന് റൺസെടുത്തുപുറത്തായി. തമിഴ്നാടിന് വേണ്ടി കളിക്കുന്ന മലയാളി പേസർ സന്ദീപ് വാര്യരാണ് അയ്യരെ ബൗൾഡാക്കിയത്. തമിഴ്നാടിന് വേണ്ടി സായ് കിഷോർ ആറുവിക്കറ്റ് വീഴ്ത്തി.
മദ്ധ്യപ്രദേശിന് ലീഡ്
രഞ്ജി ട്രോഫിയിലെ രണ്ടാം സെമിയിൽ വിദർഭയ്ക്ക് എതിരെ ലീഡ് നേടി മദ്ധ്യപ്രദേശ്. ആദ്യ ഇന്നിംഗ്സിൽ 170 റൺസിന് പുറത്തായ വിദർഭയ്ക്ക് എതിരെ മദ്ധ്യപ്രദേശ് 252 റൺസിന് ആൾഒൗട്ടായി. 82 റൺസിന്റെ ലീഡാണ് മദ്ധ്യപ്രദേശ് നേടിയത്. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ വിദർഭ രണ്ടാം ദിവസം കളിനിറുത്തുമ്പോൾ 13/1 എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ഹിമാംശു മന്ത്രി (126) മദ്ധ്യപ്രദേശിനെ ലീഡിലെത്തിച്ചത്.