sbi

മുംബയ്: എസ്ബിഐയില്‍ നിന്ന് കോടികളുടെ സ്വര്‍ണം മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷണം പോയത്. സംഭവം നടന്ന ബ്രാഞ്ചിലെ സര്‍വീസ് മാനേജറായ മനോജ് (33) ആണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ശനിയാഴ്ചയാണ് ബാങ്കില്‍ മോഷണം നടന്ന വിവരം പുറത്തറിഞ്ഞത്.

അഡ്മിനിസ്‌ട്രേറ്റര്‍ ശാഖയിലെത്തി പണം സൂക്ഷിക്കാനായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറില്‍ എന്തോ പന്തികേട് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ തന്നെ ബാങ്കിലെ സ്വര്‍ണ വായ്പകളുടെ ലിസ്റ്റ് പരിശോധിച്ചു. ഇതില്‍ 63 ലോണുകളുടെ വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ വെറും നാല് പാക്കറ്റുകള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.

മനോജിന്റെയും കാഷ് ഇന്‍ ചാര്‍ജ് ആയ ശ്വേത സൊഹാനിയുടെയും കൈയിലായിരുന്നു ലോക്കറിന്റെ രണ്ടു താക്കോലുകളുണ്ടായിരുന്നത്. മനോജ് അവധിയിലായിരുന്ന ദിവസം ബാങ്ക് അഡ്മിനിസ്ട്രേറ്ററായ അമിത് കുമാര്‍ പണവും സ്വര്‍ണാഭരണങ്ങളും സൂക്ഷിക്കാന്‍ ചെന്നപ്പോഴാണ് ലോക്കറില്‍ അസ്വാഭാവികത തോന്നി പരിശോധന നടത്തിയത്.

ലോക്കറില്‍ നിന്ന് 59 പാക്കറ്റുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കാണാതായതായി തെളിഞ്ഞത്. ഇതേ തുടര്‍ന്ന് മനോജിനെവിളിച്ചു ചോദ്യംചെയ്തപ്പോഴാണ് സ്വര്‍ണം താനാണ് എടുത്തതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.

മൂന്നു കോടി രൂപ വിലമതിക്കുന്ന നാലു കിലോ ഗ്രാം സ്വര്‍ണമാണ് ഇയാള്‍ ലോക്കറില്‍നിന്നു കവര്‍ന്നിരുന്നത്. വ്യക്തിപരമായ ആവശ്യത്തിന് എടുത്തതായിരുന്നുവെന്നും ഒരാഴ്ചയ്ക്കകം എല്ലാം തിരിച്ചെത്തിക്കുമെന്നും മനോജ് പറഞ്ഞുവെങ്കിലും സംഭവത്തില്‍ ബാങ്ക് പരാതിയുമായി മുന്നോട്ടുപോയി. ഇതൊടെ പൊലീസ് മനോജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.