
റയൽ മാഡ്രിഡ് 2- വലൻസിയ 2
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെ 2-2ന് സമനിലയിൽ പിടിച്ച് വലൻസിയ. വലൻസിയയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ അരമണിക്കൂറിനകം രണ്ട് ഗോളുകൾ വഴങ്ങിയ റയലിനെ ഇരട്ടഗോളുകൾ നേടിയ വിനീഷ്യസ് ജൂനിയറാണ് സമനിലയിൽ പിടിച്ചത്.
27-ാം മിനിട്ടിൽ ഹ്യൂഗോ ഡുറോയും 30-ാം മിനിട്ടിൽ റൊമൻ യാരേംചുക്കുമാണ് വലൻസിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിലും 76-ാം മിനിട്ടിലുമാണ് വിനീഷ്യസ് തിരിച്ചടി നടത്തിയത്. അവസാന സമയത്ത് ജൂഡ് ബെല്ലിംഗ്ഹാം വലൻസിയയുടെ വലകുലുക്കിയെങ്കിലും അതിന് നിമിഷങ്ങൾക്ക് മുമ്പ് റഫറി ഫൈനൽ വിസിൽ മുഴക്കിയതിനാൽ ഗോൾ അനുവദിച്ചില്ല. ഇതിനെത്തുടർന്ന് റഫറിയുമായി തർക്കിച്ച ബെല്ലിംഗ്ഹാമിന് ചുവപ്പുകാർഡ് കാണേണ്ടിവന്നു.
27 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായാണ് റയൽ മാഡ്രിഡ് ലാ ലിഗയിൽ ഒന്നാമതുള്ളത്. 26 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുള്ള ജിറോണ രണ്ടാം സ്ഥാനത്തും 57 പോയിന്റുള്ള ബാഴ്സലോണ മൂന്നാം സ്ഥാനത്തുമാണ്.