ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാലു ദിവസം വീട്ടിൽ സൂക്ഷിച്ച 55 വയസുകാരൻ അറസ്റ്റിൽ. ഗാസിയാബാദ് സ്വദേശിയായ ഭരത് സിംഗാണ് പൊലീസിനു മുന്നിൽ കുറ്റം ഏറ്റുപറഞ്ഞത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലുള്ള ഹൗസിംഗ് കോളനിയിലെ വാടക ഫ്ലാറ്റിലാണ് സംഭവം. വീട്ടിൽനിന്ന് അസഹനീയമായ ദുർഗന്ധം വമിച്ചതോടെ സംഭവം പുറത്തറിയുകയായിരുന്നു. തുടർന്ന് ഭരത് സിംഗ് തന്നെയാണ് പൊലീസിനെ വിളിക്കാൻ അയൽക്കാരോട് ആവശ്യപ്പെട്ടത്. ഭരത് സിങ്ങിന്റെ ഭാര്യ സുനിതയുടെ (51) മൃതദേഹം ഫ്ലാറ്റിൽ നിന്നും കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ നരേഷ് കുമാർ അറിയിച്ചു. കുടുംബപ്രശ്‌നത്തെ ചൊല്ലിയുണ്ടായ വഴക്കിനിടെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഭരത് സിങ് സമ്മതിച്ചു.ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. വീടിന് മുന്നിലിരുന്ന ഭരത് സിംഗ് വഴിയേ പോയവരോടെല്ലാം താൻ ഭാര്യയെ കൊന്നുവെന്ന് വിളിച്ചുപറയുകയായിരുന്നെന്ന് അയൽവാസി പറഞ്ഞു. സുനിതയുടെ വീട്ടുകാരെ വിവരമറിയിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.