
തിരുവനന്തപുരം: പ്രചാരണത്തിൽ ആദ്യ റൗണ്ട് പിന്നിട്ട എൽഡി.എഫ് പിന്നാലെ, കളത്തിലിറങ്ങി ഒപ്പത്തിനൊപ്പമെത്താനുള്ള
ഓട്ടത്തിൽ യു.ഡി.എഫ്. എ പ്ലസ് ഉൾപ്പെടെ ബി.ജെ.പിക്ക് ഏറെ സ്വാധീന ശേഷിയുള്ള 12 സീറ്റുകളിൽ കരുത്തരെ ഇറക്കി കളം നിറച്ച് എൻ.ഡി.എയും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ടാഴ്ചക്കകം വരാനിരിക്കെ, വേനൽച്ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂടിൽ കേരളം അമർന്നു കഴിഞ്ഞു. സംസ്ഥാനത്തെ14 മണ്ഡലങ്ങൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിനും അതിൽ ആറെണ്ണം കടുത്ത ത്രികോണ മത്സരത്തിനും വേദിയാവുമെന്നതാണ് നിലവിലെ ചിത്രം.
2019 പാർലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഫലം പ്രവചനാതീതമായേക്കാവുന്ന മണ്ഡലങ്ങൾ ഇത്തവണ ഏറെയാണ്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര, കോട്ടയം, തൃശൂർ, പാലക്കാട്, ആലത്തൂർ, വടകര, കോഴിക്കോട്, കണ്ണൂർ, കാസർകോട് സീറ്റുകൾ ഇഞ്ചോടിഞ്ച് മത്സരത്തിനു വേദിയാവുകയാണ്. ഇതിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട് സീറ്റുകളിലാണ് കടുത്ത ത്രികോണപ്പോര് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ, വയനാട്, കണ്ണൂർ സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ വരും ദിവസങ്ങളിലേ വ്യക്തത വരൂ. ബി.ജെ.പി മത്സരിക്കുന്ന ബാക്കി നാലു സീറ്റുകളിലെയും സഖ്യ കക്ഷിയായ ബി.ഡി.ജെ.എസ് മത്സരിക്കുന്ന നാലു സീറ്റുകളെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളിൽപ്പെട്ട തിരുവനന്തപുരത്തും ആറ്റിങ്ങലിലും കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിനെയും വി.മുരളീധരനെയും നിറുത്തിയിരിക്കെ, പ്രചാരണത്തിൽ സകല വിധ പാർട്ടി തന്ത്രങ്ങളും പയറ്റും. ശശി തരൂരിന് നാലാമൂഴത്തിലും വെന്നിക്കൊടി പാറിക്കാനുള്ള കരുക്കൾ നീക്കി യു.ഡി.എഫും മണ്ഡലത്തിലെ മുൻ എം.പി പന്ന്യൻ രവീന്ദ്രനെ വീണ്ടുമിറക്കി എതിരാളികളെ ഞെട്ടിച്ച് എൽ.ഡി.എഫും വർദ്ധിത വീര്യത്തോടെ തിരുവനന്തപുരത്തെ പടക്കളത്തിലുണ്ട്. സി.പി.എമ്മിൽ നിന്ന് പിടിച്ചെടുത്ത സീറ്റ് നിലനിറുത്താൻ ശക്തനായ അടൂർ പ്രകാശിലൂടെ യു.ഡി.എഫും കൈ വിട്ട സീറ്റ് എന്ത് വില കൊടുത്തും തിരിച്ചു പിടിക്കാൻ അജയ്യനായ യുവ പോരാളിയും വർക്കല എം.എൽ.എയുമായ വി.ജോയിയിലൂടെ എൽ.ഡി.എഫും ശ്രമിക്കുമ്പോൾ അങ്കം പൊടി പാറും.
ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ മത്സരിക്കാനുള്ള സാദ്ധ്യത തെളിഞ്ഞിട്ടില്ല. കോൺഗ്രസ് ടിക്കറ്റിൽ പകരം ആരായാലും എൽ.ഡി.എഫിലെ സിറ്റിംഗ് എം.പി എ.എം.ആരിഫുമായുള്ള ഏറ്റുട്ടൽ കടുക്കുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് പാർട്ടിയിലെ
തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനെ ഇറക്കി ബി.ജെ.പി അവിടെ ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ചത്. കോട്ടയത്ത് ഇരു കേരള കോൺഗ്രസുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി കളത്തിലിറങ്ങുന്നതോടെ ത്രികോണ പോരാട്ടത്തിലേക്ക് വഴി മാറാം.
തൃശൂർ ഇങ്ങെടുക്കാൻ പോരാളികൾ മൂന്ന്
ബി.ജെ.പി ടിക്കറ്റിൽ സുരേഷ് ഗോപിയുടെ രംഗ പ്രവേശത്തോടെ 2019ൽ തന്നെ ത്രികോണ മത്സരം നടന്ന തൃശൂരിൽ കോൺഗ്രസിലെ സിറ്റിംഗ് എം.പി ടി.എൻ.പ്രതാപനൊപ്പം എൽ.ഡി.എഫിലെ കരുത്തനായ മുൻ മന്ത്രി വി.എസ്.സുനിൽ കുമാറും വിജയക്കൊടി പാറിക്കാനുള്ള തീവ്ര പോരാട്ടത്തിലാണ്. തൃശൂർ ആരെടുക്കുമെന്നത് ഇപ്പോഴേ പ്രവചനാതീതം. പാലക്കാട്ട് സീറ്റ് നില നിറുത്താനുള്ള കോൺഗ്രസിലെ സിറ്റിംഗ് എം.പി വി.കെ.ശ്രീകണ്ഠന്റെ കരുനീക്കങ്ങൾക്ക് കനത്ത വെല്ലുവിളിയാണ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ എം.പിയുമായ എ.വിജയരാഘവനും ബി.ജെ.പിയിലെ
സി.കൃഷ്ണകുമാറും ഉയർത്തുന്നത്.