കീവ്: തെക്കൻ യുക്രെയിനിലെ ഒഡേസയിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കൈക്കുഞ്ഞടക്കം 10 മരണം. ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ 9 നില കെട്ടിടം തകർന്നെന്നും ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഇന്നലെ യുക്രെയിൻ അറിയിച്ചു. റഷ്യൻ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകി സഹായിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ മുന്നോട്ടുവരണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അഭ്യർത്ഥിച്ചു. അതേ സമയം,​ ഒഡേസയെ കൂടാതെ,​ ഖേഴ്സൺ,​ സെപൊറീഷ്യ,​ ഖാർക്കീവ് എന്നിവിടങ്ങളിലായി റഷ്യ നടത്തിയ വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ മൂന്ന് പേരും കൊല്ലപ്പെട്ടു. ഇതിനിടെ, ഇന്നലെ രാവിലെ റഷ്യൻ നിയന്ത്രണത്തിലുള്ള ക്രൈമിയയിലേക്ക് യുക്രെയിൻ വിക്ഷേപിച്ച 38 ഡ്രോണുകൾ തകർത്തെന്ന് റഷ്യ പറഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല.