police

ന്യൂയോര്‍ക്ക്: തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ നിയമനടപടിയുമായി പൊലീസ് ഉദ്യോഗസ്ഥ. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാമുകനായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് അയച്ചുകൊടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്‌മെന്റിലാണ് സംഭവം നടന്നത്. വിഷയത്തില്‍ എന്‍വൈപിഡിക്ക് എതിരെയാണ് പൊലീസുകാരി നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ചിത്രം പ്രചരിപ്പിച്ച എല്ലാ പൊലീസുകാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ടാണ് പരാതി.

34കാരിയായ അലീസയാണ് പരാതിക്കാരി. തന്റെ നഗ്ന ചിത്രങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് ലഭിച്ചുവെന്നും അവര്‍ക്കിടയില്‍ വ്യാപകമായി ചിത്രം പ്രചരിപ്പിക്കപ്പെടുന്നുവെന്നുമാണ് പരാതി. സംഭവത്തോടെ തന്റെ ഔദ്യോഗിക ജീവിതം തന്നെ തകര്‍ന്നുവെന്നാണ് പരാതിക്കാരി ഉന്നയിക്കുന്ന വാദം. 2012ല്‍ ആണ് അലീസ പൊലീസ് സേനയില്‍ ജോലിയില്‍ പ്രവേശിച്ചത്. തന്റെ സീനിയര്‍ ഉദ്യോഗസ്ഥനായ മാര്‍ക്ക് റിവേറയുമായി അലീസ പ്രണയത്തിലാകുകയും ചെയ്തു.

സര്‍വീസില്‍ ചേര്‍ന്ന വര്‍ഷം തന്നെയാണ് പ്രണയത്തിലായതെന്നും ഇവര്‍ പറയുന്നു. തന്റെ 12 വര്‍ഷങ്ങള്‍ മുമ്പുള്ള നഗ്ന ചിത്രങ്ങള്‍ കിട്ടയപ്പോള്‍ ഉദ്യോഗസ്ഥര്‍ അത് പരസ്പരം പങ്കുവയ്ക്കുകയാണെന്നും വിഷയത്തില്‍ താന്‍ പരാതി നല്‍കാനൊരുങ്ങിയപ്പോള്‍ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം ഉണ്ടായെന്നും അലീസ ആരോപിക്കുന്നു. ലോകത്ത് ഇത്തരമൊരു അനുഭവമുള്ള ആദ്യത്തെയോ അവസാനത്തെയോ സ്ത്രീ അല്ല നിങ്ങളെന്നും അതുകൊണ്ട് തന്നെ ഇതിനെ ഒരു വലിയ പ്രശ്‌നമാക്കി മാറ്റരുതെന്നും ഒരു ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞുവെന്നും അലീസ ആരോപിക്കുന്നു.

അതോടൊപ്പം തന്നെ കഴിഞ്ഞ ഏപ്രിലില്‍ തന്റെ കാമുകന്‍ കെവിന്‍ ഹെര്‍ണാണ്ടസ് എന്ന യുവാവിനെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിച്ചുവെന്നും അലീസ പറയുന്നു. ഇരുവരും കാറില്‍ ഇരിക്കുമ്പോള്‍ വാഹനം വളഞ്ഞ പൊലീസുകാര്‍ കെവിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയെന്നും അതിനെ ചോദ്യം ചെയ്ത തന്നെ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ച് നിശബ്ദയാക്കിയെന്നും അലീസ പറയുന്നു.