gulf

ദോഹ: അവധിക്കാലത്ത് നാട്ടിലെത്താന്‍ കാത്തിരിക്കുന്ന പ്രവാസികളേയും കുടുംബങ്ങളേയും എന്നും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് വിമാന ടിക്കറ്റ് നിരക്ക്. അവധിക്കാലത്ത് പലയിരട്ടിയായിട്ടാണ് നിരക്ക് വര്‍ദ്ധനയുമായി കമ്പനികള്‍ രംഗത്ത് വരിക. ഇക്കാരണത്താല്‍ യാത്ര പോലും ഉപേക്ഷിക്കേണ്ടിവരുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയാണ് ഖത്തര്‍ സമ്മാനിക്കുന്നത്.

വേനല്‍ക്കാല യാത്രാ പാക്കേജില്‍ ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത് വമ്പന്‍ ഓഫറുകളാണ്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ അവധിയെന്ന ഓഫറാണ് പ്രവാസികള്‍ക്കായി എയര്‍വേയ്‌സ് അവതരിപ്പിക്കുന്നത്. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുക.

ഇതിന് പുറമെ മാര്‍ച്ച് 8 വരെ പ്രത്യേക ഓഫറുകളുമുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്രാ പാക്കേജുകള്‍ക്ക് പ്രത്യേക പ്രൊമോ കോഡ് വഴി 500 ഖത്തര്‍ റിയാലും ജി.സി.സി ഇതര രാജ്യങ്ങളിലേക്ക് 1000 ഖത്തര്‍ റിയാലും ഇളവ് ലഭിക്കും.

ജി.സി.സി ഇതര രാജ്യങ്ങളിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രക്ക് 1500 ഖത്തര്‍ റിയാല്‍ ഇളവ് ലഭിക്കുന്ന പ്രൊമോകോഡും ഖത്തര്‍ എയര്‍വേയ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ ഇങ്ങനെ ബുക്ക് ചെയ്യാംം. പ്രൊമോ കോഡുകള്‍ ഉപയോഗിച്ച് ഒരു ബുക്കിങ്ങില്‍ പരമാവധി രണ്ടു പേര്‍ക്ക് മാത്രമേ ഇളവ് ലഭിക്കുകയുള്ളൂവെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.