pic

ന്യൂയോർക്ക്: അതീവ സുരക്ഷാ വലയത്തിനുള്ളിൽ നിന്നാണ് ലോക നേതാക്കൾ ജനങ്ങളോട് ഇടപഴകുന്നത്. ചില രാഷ്ട്രത്തലവൻമാരുടെ സുരക്ഷാ സജ്ജീകരണങ്ങൾക്കായി വൻ തുക ചെലവഴിച്ച് പദ്ധതികൾ തയാറാക്കാറുണ്ട്. ഇതിനെതിരെ ഒരു വിഭാഗം വിമർശനം ഉന്നയിക്കാറുമുണ്ട്. എന്നാൽ ചെറിയ സുരക്ഷാ വിടവ് ദുരന്തത്തിലേക്കാകും നയിക്കുക. പല അവസരങ്ങളിലും ലോകനേതാക്കൾക്ക് പൊതുജനങ്ങളിൽ നിന്ന് അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വരുന്നിട്ടുണ്ട്. അത്തരത്തിൽ ജനങ്ങളിൽ നിന്ന് രാഷ്ട്രീയ നേതാക്കൾ ആക്രമണങ്ങൾ നേരിട്ട ചില അവസരങ്ങളിലൂടെ.

 ഇമ്മാനുവൽ മാക്രോൺ

2021ൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ ആൾക്കൂട്ടത്തിനിടെയിൽ വച്ച് ഒരു യുവാവ് മുഖത്തടിച്ചു. ജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു തെക്കൻ ഫ്രാൻസിലെ ഡ്രോമിൽ വച്ച് മാക്രോണിന് നേരെ ആക്രമണം. കൊവിഡ് മഹാമാരി രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധികൾ നേരിട്ട് വിലയിരുത്താനായി ജനങ്ങൾക്കിടെയിലേക്കിറങ്ങി അവരുമായി സംസാരിച്ച് പരിഹാരങ്ങൾ സ്വീകരിക്കത്തക്ക തരത്തിലുള്ള പരിപാടിയാണ് മാക്രോൺ നടത്തിയത്. എന്നാൽ, ഹസ്തദാനവുമായി എത്തിയ മാക്രോണിനെ ആളുകൾക്കിടെയിൽ നിന്ന ഒരാൾ മുഖത്തേക്ക് ആഞ്ഞടിക്കുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റികൾ ഇടപെടുകയും ഇയാളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.

 ജോർജ് ബുഷ്

2008ൽ ബാഗ്‌ദാദ് പര്യടനത്തിനിടെ അമേരിക്കൻ മുൻ പ്രസിഡന്റ് ജോർജ് ബുഷിന് നേരെ ഒരു ഇറാഖി മാദ്ധ്യമ പ്രവർത്തകൻ ഷൂ എറിഞ്ഞിരുന്നു. ഈജിപ്റ്റ് ആസ്ഥാനമായുള്ള അൽ - ബാഗ്‌ദാദിയ ടെലിവിഷൻ നെറ്റ്‌വർക്കിൽ ജോലി ചെയ്തിരുന്നു മുണ്ടാദ്ധർ അൽ - സെയ്‌ദി തന്റെ കാലിൽ കിടന്ന ചെരുപ്പുകൾ ഓരോന്നായി ഊരിയെടുത്ത് ബുഷിന്റെ തലയെ ലക്ഷ്യമാക്കി എറിയുകയായിരുന്നു. ഇറാഖ് പ്രധാനമന്ത്രി നൂറി അൽ - മാലികിയ്ക്ക് ഒപ്പം അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ബുഷ്. സെയ്ദി രണ്ട് തവണ ഷൂ എറിഞ്ഞപ്പോഴും അത് തന്റെ ദേഹത്ത് പതിക്കാതിരിക്കാൻ ബുഷ് ഒഴിഞ്ഞു മാറിയിരുന്നു.

 ജൂലിയ ഗില്ലാർഡ്

ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ജൂലിയ ഗില്ലാർഡിന് നേരെ 2013ൽ സാൻവിച്ച് എറിയപ്പെട്ടിരുന്നു. ക്വീൻസ്‌ലൻഡിലെ ഒരു സ്കൂളിലെ ചടങ്ങിൽ പങ്കെടുക്കവെ ഒരു വിദ്യാർത്ഥിയായിരുന്നു ജൂലിയയ്ക്ക് നേരെ സാൻവിച്ച് എറിഞ്ഞത്. 16 വയസുള്ള കെയ്‌ലി തോംസൺ ആയിരുന്നു അതെന്ന് സ്കൂൾ അധികൃതർ കണ്ടെത്തിയിരുന്നു. എന്നാൽ, താനല്ല എറിഞ്ഞതെന്നും ആരോ എറിഞ്ഞത് താൻ തടയാൻ ശ്രമിച്ചതാണെന്നുമായിരുന്നു തോംസണിന്റെ പ്രതികരണം.

 സിൽവിയോ ബെർലുസ്കോണി

2009ൽ മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയ്ക്ക് നേരെ ശക്തമായ ആക്രമണമാണ് നടന്നത്. ഒരു റാലിയ്ക്കിടെ മിലാൻ കത്തീഡ്രലിന്റെ ലോഹ മാതൃക കൊണ്ട് അദ്ദേഹത്തിന്റെ മുഖത്തിടിക്കുകയായിരുന്നു. മുഖത്തിന് കാര്യമായ പരിക്കേറ്റ് രക്തം വാർന്നൊഴുകിയതിനെ തുടർന്ന് ബെർലുസ്കോണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

 ജെയ്‌ർ ബൊൽസൊനാരോ

ബ്രസീൽ പ്രസിഡന്റ് ജെയ്‌ർ ബൊൽസൊനാരോയ്ക്ക് 2018ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുത്തേറ്റിരുന്നു. ഈ സംഭവം മുൻ ആർമി ഓഫീസറായ ബൊൽസൊനാരോയ്ക്ക് ജനപ്രീതി ഇരട്ടിക്കാൻ കാരണമാവുകയും അദ്ദേഹം ബ്രസീൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദൈവം തന്നെ ഏൽപ്പിച്ച ദൗത്യം നിറവേറ്റിയെന്നാണ് ബൊൽസൊനാരോയെ കുത്തി പരിക്കേൽപ്പിച്ചയാളുടെ പ്രതികരണം. ഇയാളെ പിന്നീട് മാനസികാശുപത്രിയിലേക്ക് മാറ്റി.