pic

ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഭക്ഷണപദാർത്ഥങ്ങളിൽ ഒന്നാണ് ബർഗർ. ബർഗറും ഫ്രഞ്ച് ഫ്രൈസും ചേർന്ന കോംബിനേഷന് ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ആരാധകർ ഏറെയാണ്. വിവിധ തരത്തിലുള്ള ബർഗറുകൾ വിപണിയിൽ ലഭ്യമാണ്. അതേ സമയം,​ ബർഗർ പോലുള്ള ജങ്ക് ഫുഡുകൾ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ,​ യു.എസിലെ വിസ്കോൻസിൻ സ്വദേശിയായ ഡൊണാൾഡ് ഗോർസ്കിന് ബർഗർ ഇല്ലാതെ ഒരു ജീവിതമില്ല. 70കാരനായ ഇദ്ദേഹം ജീവിതത്തിലിതുവരെ കഴിച്ചത് മക്ഡൊണാൾഡ്സിന്റെ 34,128 ബിഗ് മാക് ബർഗറുകളാണ്. ലോകത്ത് ഏറ്റവും കൂടുതൽ ബിഗ് മാക് ബർഗറുകൾ കഴിച്ചയാളെന്ന ഗിന്നസ് റെക്കോഡിന് ഉടമയാണിദ്ദേഹം.

കഴിഞ്ഞ വർഷം 728 ബർഗറുകളാണ് ഇദ്ദേഹം കഴിച്ചത്. 1972 മേയ് 17നാണ് ഡൊണാൾഡ് തന്റെ ബർഗർ യാത്ര ആരംഭിച്ചത്. വിരമിച്ച പ്രിസൺ ഓഫീസറായ ഇദ്ദേഹം താൻ കഴിച്ച ബർഗറുകളുടെ കണ്ടെയ്നറുകളും ബില്ലുകളും സൂക്ഷിച്ചുവച്ചിട്ടുണ്ട്. 1999ലാണ് ആദ്യമായി ഇദ്ദേഹത്തിന് ഗിന്നസ് റെക്കോഡ് ലഭിച്ചത്. ആദ്യമൊക്കെ ദിവസവും 9 ബർഗറുകൾ വരെ അകത്താക്കിയിരുന്നു.

പിന്നീട് ഇത് രണ്ടാക്കി. ഒന്ന് ഉച്ചയ്ക്കും ഒന്ന് രാത്രിയും. മക്ഡൊണാൾഡ്സിന്റെ ഔട്ട്‌ലെറ്റിൽ നേരിട്ട് പോയി ഫ്രഷ് ബർഗറുകളാണ് അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. എന്നാലിപ്പോൾ ആഴ്ചയിൽ രണ്ട് തവണ പോയി കൂട്ടത്തോടെ വാങ്ങുന്നു. ബർഗറിനൊപ്പം പൊട്ടറ്റോ ചിപ്സ്, ഫ്രൂട്ട് ബാർ, ഐസ്ക്രീം എന്നിവയാണ് ഡൊണാൾഡിനിഷ്ടം.

ജീവിതത്തിലുടനീളം ബർഗറുകൾ കഴിച്ചിട്ടും തനിക്ക് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്ന് ഡൊണാൾഡ് പറയുന്നു. ബർഗറിനൊപ്പം ലഭിച്ചക്കുന്ന ഫ്രഞ്ച് ഫ്രൈസ് താൻ ഒഴിവാക്കുമെന്നും ദിവസം ആറ് മൈൽ നടക്കുമെന്നും അദ്ദേഹം പറയുന്നു.