
പാലക്കാട്: പട്ടാമ്പി നേർച്ചയ്‌ക്കെത്തിച്ച ആന ലോറിയിൽ നിന്ന് ഇറങ്ങിയോടി. ഇന്ന് പുലർച്ചെ നാല് മണിയോടെ പാലക്കാട് വടക്കുമുറിയ്ക്ക് സമീപത്തുവച്ചായിരുന്നു സംഭവം. താമരശേരി സ്വദേശിയുടെ മുത്തു എന്ന ആനയാണ് ഇത്തരത്തിൽ ലോറിയിൽ നിന്നും പുറത്തുചാടിയത്. നിലവിൽ അൽപം അകലെ അമ്പാട്ട് എന്ന സ്ഥലത്തെ ഒരു വീട്ടുപറമ്പിൽ ആനയെ കണ്ടെത്തിയിട്ടുണ്ട്. പാപ്പാന്മാരെ ആന ആദ്യം അനുസരിച്ചില്ല.
ആനയെ ഇതുവരെ തളയ്‌ക്കാനായിട്ടില്ല. വീട്ടുപറമ്പിൽ എത്തുന്നതിനിടെ ഒരു തമിഴ്‌നാട് സ്വദേശിയെ ആന ചവിട്ടിയതായി വിവരം ലഭ്യമായിട്ടുണ്ട്. ഒപ്പം രണ്ട് പശുക്കളെയും ഒരു ആടിനെയും ആന ചവിട്ടിക്കൊന്നു. ഇതോടൊപ്പം ഒരു വീടും കടയും തകർത്തു. പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വടക്കുമുറിയ്‌ക്ക് സമീപം ലോറി നിർത്തി പാപ്പാന്മാർ ഉറങ്ങാനായി കിടക്കുകയും ഡ്രൈവർ ചായ കുടിക്കാനായി പുറത്തിറങ്ങുകയും ചെയ്‌ത സമയത്താണ് പ്രത്യേകം ബന്ദവസില്ലാതിരുന്ന ആന പുറത്തുകടന്നത്. ഈ സമയം തൊട്ടടുത്ത് മറ്റൊരു ലോറിയുണ്ടായിരുന്നു. ആനയെ മൂന്ന് മണിക്കൂറിലേറെ നീണ്ട ശ്രമങ്ങൾക്ക് ശേഷം തളച്ചതായാണ് വിവരം.