
മലപ്പുറം: എടപ്പാളിൽ സ്വകാര്യബസിലെ സീറ്റിലിരുന്ന വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് - തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'ഹാപ്പി ഡേയ്സ്' എന്ന ബസിന്റെ കണ്ടക്ടറായ മാങ്കാവ് സ്വദേശി മേടോൽ പറമ്പിൽ ഷുഹൈബിനെയാണ് (26) ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
പെരുമ്പിലാവിലെ കോളജിൽ മൂന്നാം വർഷ ജേണലിസം വിദ്യാർത്ഥിനിയായ കൂടല്ലൂർ മണ്ണിയം പെരുമ്പലം സ്വദേശിനിയാണ് കണ്ടക്ടറിന്റെ മർദ്ദനത്തിനിരയായത്. ഷുഹൈബ് പെൺകുട്ടിയുടെ കാലിൽ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.എടപ്പാളിൽ നിന്നു പെരുമ്പിലാവിലേക്ക് പോകാൻ കയറിയ പെൺകുട്ടി ഒഴിവുള്ള സീറ്റിൽ ഇരുന്നു. ഈ സമയം സീറ്റിന് സമീപം എത്തിയ കണ്ടക്ടർ എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിലായിരുന്നു മർദ്ദനം. തുടർന്ന് പെൺകുട്ടി അദ്ധ്യാപകരെയും വീട്ടുകാരെയും വിവരം അറിയിച്ചശേഷം കുന്നംകുളത്തെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.