exam

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ചു. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,105 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. ടി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 2,811പേരും എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 60 പേരും പരീക്ഷയിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് മാത്രം 2955 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.

ലക്ഷദ്വീപിൽ ഒൻപത്, ഗൾഫ് മേഖലയിൽ ഏഴ്, ഗൾഫിൽ 630, ലക്ഷദ്വീപിൽ 285 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. രാവിലെ 9.30 മുതൽ 11.15വരെയാണ് പരീക്ഷ. ഇംഗ്ലീഷ്, ഗണിതം, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് 9.30 മുതൽ 12.15വരെ. 15 മിനിറ്റ് കൂൾ ഒഫ് ടൈം ഉണ്ടായിരിക്കും. 25ന് പരീക്ഷകൾ സമാപിക്കും.

പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആശംസ നേരുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. യാതൊരു ടെൻഷനുമില്ലാതെ സമയമെടുത്ത് തന്നെ ചോദ്യപ്പേപ്പർ വായിച്ച് മനസിലാക്കി, ഏറ്റവും എളുപ്പത്തിൽ എഴുതാൻ കഴിയുന്ന ചോദ്യത്തിനുള്ള ഉത്തരം ആദ്യം തന്നെ എഴുതുക. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ അദ്ധ്യാപകരോട് ചോദിക്കുക. യാതൊരു ടെൻഷനുമില്ലാതെ ശാന്തമായി പരീക്ഷ എഴുതണമെന്നും മന്ത്രി കുട്ടികളോട് പറഞ്ഞു.