laptop-

വാങ്ങി രണ്ടുദിവസത്തിനകം തകരാറിലായ ലാപ്ടോപ്പിന് പകരം പുതിയ ലാപ്പ്ടോപ്പ് നൽകണം. നഷ്ടപരിഹാരമായി 60,​000 രൂപയും. എച്ച്.പി .ഗ്ലോബൽ സോഫ്റ്റ്‌വെയർ ലി​മി​റ്റഡ്, പെരുമ്പാവൂർ സ്കൈനെറ്റ് കംപ്യൂട്ടേഴ്സ് എന്നിവർക്കെതിരെ കുറുപ്പുംപടി സ്വദേശി ബിജു ജേക്കബ് സമർപ്പിച്ച പരാതിയിൽ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടേതാണ് ഉത്തരവ്.

2018 ഒക്ടോബറി​ലാണ് 35 ,000 രൂപ നൽകി പരാതിക്കാരൻ എച്ച്.പി ലാപ്ടോപ്പ് വാങ്ങിയത്. ഒരു വർഷം വാറണ്ടിയുള്ള ലാപ്ടോപ്പിന്റെ കീബോർഡ് രണ്ടാം ദിവസം തകരാറിലായി. പലതവണ റിപ്പയർ ചെയ്തെങ്കിലും തകരാർ പൂർണമായും പരിഹരിക്കാൻ എതിർകക്ഷികൾക്ക് കഴിഞ്ഞില്ല. ഇതുമൂലം വലിയ ബിസിനസ് നഷ്ടവും ബുദ്ധിമുട്ടുകളും പരാതിക്കാരന് ഉണ്ടായതായി കോടതി വിലയിരുത്തി.

"ഗുണ നിലവാരമുള്ള ഉത്പന്നവും സേവനവും ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ് ' ഈ അവകാശം ഉറപ്പുവരുത്തേണ്ട ചുമതല നിർമ്മാതാക്കൾക്കും ഡീലർമാർക്കും സർവീസ് നൽകുന്നവർക്കും ഉണ്ടെന്ന് ഡി.ബി.ബിനു പ്രസിഡന്റും വൈക്കം രാമചന്ദ്രൻ, ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

വാറണ്ടി വ്യവസ്ഥകൾ പാലിക്കുന്നതിൽ എതിർകക്ഷികൾ ഗുരുതരമായ വീഴ്ച വരുത്തി​യെന്നും കമ്മിഷൻ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് പുതിയ ലാപ്ടോപ്പോ അതി​ന്റെ വിലയോ കൂടാതെ 50,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും ഒരു മാസത്തിനകം നൽകാൻ ഉത്തരവ് നൽകിയത്. പരാതിക്കാരന് വേണ്ടി അഡ്വ. സി. ജെ സോളമൻ ഹാജരായി.