
നല്ല കേൾവിക്കാരാവുക എന്നത് ജീവിതത്തിന്റെ ഏതു മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവശ്യം വേണ്ട ഗുണമാണ്. ഉപദേശങ്ങൾ കൊടുക്കാൻ എളുപ്പമാണ്. എന്നാൽ മറ്റുള്ളവർക്കു പറയാനുള്ളത് ശ്രദ്ധയോടെ കേൾക്കുക എന്നത് അതിലും എത്രയോ പ്രധാനമാണ്. ഒരാൾ നമ്മോട് അയാളുടെ വിഷമങ്ങൾ പറയുമ്പോൾ അത് ഹൃദയപൂർവം കേൾക്കാൻ നമ്മൾ തയ്യാറായാൽ അതുതന്നെ അയാൾക്ക് വലിയ ആശ്വാസമേകും. ഭൗതിക സഹായത്തേക്കാൾ പലപ്പോഴും അത് വലുതുമാണ്.
ശ്രദ്ധാപൂർവമായ ശ്രവണം കുടുംബജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ഏറ്റവും പ്രധാനമാണ്. ഹൃദയപൂർവം സംസാരിക്കുക, ഹൃദയപൂർവം കേൾക്കുക-പരസ്പരമുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കി ജീവിതം സുഗമമാക്കാൻ ഇതിലും നല്ലൊരു മാർഗമില്ല. ഇന്നത്തെ ഭാര്യാഭർതൃബന്ധങ്ങളിലെ ഏറ്റവും വലിയ പ്രശ്നം, ഒരാൾക്കു പറയാനുള്ളത് ക്ഷമാപൂർവം കേൾക്കാൻ മറ്റേയാൾക്ക് മനസ്സില്ല എന്നതാണ്. മൂന്നു വിധം കേൾവിയുണ്ട്- ബുദ്ധികൊണ്ട് കേൾക്കൽ, മനസ്സുകൊണ്ട് കേൾക്കൽ, ഹൃദയം കൊണ്ട് കേൾക്കൽ.
ചെവികൊണ്ട് കേൾക്കുന്നു എന്നാൽ ഒട്ടുംതന്നെ സ്വീകരണ മനോഭാവമില്ലതാണ്. അതാണ് ബുദ്ധികൊണ്ടുള്ള കേൾക്കൽ. ഒരു കഥ പറയാം. ഒരു പ്രൊഫസർ ഒരു മഹാത്മാവിനെ കാണാൻ ചെന്നു. ചെന്നപാടെ തന്റെ അറിവ് പ്രകടിപ്പിക്കാൻ സംസാരം തുടങ്ങി. മഹാത്മാവ് എല്ലാം കേട്ട് മിണ്ടാതിരുന്നു. വളരെനേരം സംസാരിച്ചശേഷം, പ്രൊഫസർ മഹാത്മാവിനോടു പറഞ്ഞു: അങ്ങെനിക്ക് എന്തെങ്കിലും ഉപദേശം തരണം!
മഹാത്മാവ് പറഞ്ഞു: നമുക്കൊരു ചായ കുടിക്കാം, അതു കഴിഞ്ഞാകാം ഉപദേശം. മഹാത്മാവ് അദ്ദേഹത്തിനു മുന്നിലേക്ക് കപ്പ് വച്ച് അതിലേക്ക് ചായ ഒഴിക്കാൻ തുടങ്ങി. കപ്പു നിറഞ്ഞ് ചായ പുറത്തേക്കൊഴുകി. എന്നിട്ടും മഹാത്മാവ് ചായ ഒഴിക്കുന്നതു നിറുത്തിയില്ല. പ്രൊഫസർ ഉറക്കെ പറഞ്ഞു- 'എന്താണിത്? കപ്പു നിറഞ്ഞു. ഒരു തുള്ളി ചായ പോലും ഇനി കൊള്ളില്ല." അപ്പോൾ മഹാത്മാവ് ചിരിച്ചുകൊണ്ടു പറഞ്ഞു: 'ഓഹോ; കപ്പു നിറഞ്ഞാൽ അതിൽ ഒരു തുള്ളി പോലും കൊള്ളില്ല അല്ലേ? അതുതന്നെയാണ് താങ്കളുടെ പ്രശ്നം. താങ്കളുടെ മനസ്സും ബുദ്ധിയും പലതരത്തിലുള്ള ചിന്തകളും വിവരങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുന്നു. അവിടെ എന്റെ ഉപദേശത്തിന് ഒട്ടും ഇടമില്ല."
മനസ്സുകൊണ്ടുള്ള കേൾവിയാകട്ടെ ഭാഗികമായ കേൾവിയാണ്. അതിന്റെ പ്രയോജനവും ഭാഗികമാണ്. കേൾക്കുന്നത് പൂർണ്ണമായി ഉൾക്കൊള്ളുന്നതിന് മുൻധാരണകളും അശ്രദ്ധയും അഹന്തയും തടസ്സമാകുന്നു. അടുത്തത് ഹൃദയം കൊണ്ടുള്ള കേൾവിയാണ്. അത് പൂർണ്ണമായ പാരസ്പര്യമാണ്, പൂർണ്ണമായ സ്വീകരണ മനോഭാവമാണ്. കേൾവിക്കാരന് ഏറ്റവും ഗുണകരമാകുന്നതും അയാളിൽ പരിവർത്തനം സൃഷ്ടിക്കുന്നതും അത്തരം ശ്രവണമാണ്. കണ്ണുണ്ടായാൽ പോരാ, കാണണം എന്ന് പറയുന്നതുപോലെ, കാതുണ്ടായാൽ പോരാ ശരിയായി കേൾക്കണം.
നല്ല കേൾവിക്കാരാനാകാൻ കഴിഞ്ഞാൽ അത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്. ഒരാൾ പൂർണ്ണ ഹൃദയത്തോടെ കേൾക്കുമ്പോൾ സംസാരിക്കുന്നയാളുടെ ഹൃദയവും നിറയുന്നു. വക്താവിന്റെ കൃപ ശ്രോതാവിലേക്ക് ഒഴുകുന്നു. ഗുരുകൃപയാൽ ശിഷ്യൻ പൂർണ്ണനാകുന്നു. അവിടെ അറിവിന്റെ സംക്രമണം പൂർണ്ണമാണ്. അതിന്റെ പ്രയോജനവും പൂർണ്ണമാണ്. അത് പൂർണ്ണത തന്നെയാണ്.