
കലാലയങ്ങളും അവ വിദ്യാർത്ഥികളിൽ ജനിപ്പിക്കുന്ന വൈവിദ്ധ്യമാർന്ന വികാരങ്ങളും ആത്മഹത്യകളിലും കൊലപാതകങ്ങളിലും പര്യവസാനിക്കുന്ന ഭീതിജനകമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണ് കേരളം.
ദുരഭിമാനക്കൊലകൾ പതിവായ സംസ്ഥാനങ്ങൾക്കു പോലും അമ്പരപ്പുണ്ടാക്കുന്ന രീതിയിലുള്ള അരുംകൊലകൾ ദൈവത്തിന്റെ സ്വന്തം നാട്ടിലും നടക്കുന്നു! ഭീഷണിപ്പെടുത്തലിലും ആസിഡ് ആക്രമണങ്ങളിലും വീടുകയറിയുള്ള ആക്രമണങ്ങളിലും തുടങ്ങി, കോളേജിലെ താമസ ഇടങ്ങളിൽപ്പോലും എത്തിനിൽക്കുന്ന ആക്രമണോത്സുകതയെ എന്തു പേരിട്ടു വിളിക്കും?
ദുർബലമായിക്കൊണ്ടിരിക്കുന്ന സാമൂഹിക ആരോഗ്യത്തിന്റെയും സാമൂഹിക ബന്ധങ്ങളുേടെയും നേർക്കാഴ്ചയായി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും, ഇതുമൂലം ഉടലെടുക്കുന്ന മാനസിക, സാമൂഹിക അസ്വാരസ്യങ്ങളെയും അനുബന്ധ വിഷയങ്ങളെയും സാമൂഹിക ശാസ്ത്രജ്ഞരും മനഃശാസ്ത്രകാരന്മാരും ഇനിയെങ്കിലും
മുഖവിലയ്ക്കെടുക്കേണ്ടിയിരിക്കുന്നു. പ്രായത്തിനനുസരിച്ച് വൈകാരിക പക്വതയില്ലാത്തവരും മാനസികാരോഗ്യം കുറഞ്ഞവരുമായി നമ്മുടെ യുവത്വം വഴിമാറുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ എന്താണ്? വ്യക്തികേന്ദ്രീകൃതമായും സംഘാത്മകമായും ഉടലെടുക്കുന്ന വൈകാരിക ക്ഷോഭം എത്ര വേഗമാണ് ആൾക്കൂട്ട വിചാരണയെന്ന, ആത്മഹത്യയെന്ന, കൊലപാതകമെന്ന കുറ്റകൃത്യമായി പരിണമിക്കുന്നത്!
ക്യാമ്പസ് അക്രമങ്ങളും അതു തീർക്കുന്ന അസ്വാരസ്യങ്ങളും ആരെയാണ് തൃപ്തിപ്പെടുത്തുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അക്രമത്തിനു തുടക്കം കുറിച്ചവനോ, കൊല ചെയ്തവനോ, അവന്റെ കുടുംബാംഗങ്ങൾക്കോ എന്തു നേട്ടമാണ് ഇതിലൂടെ കൈവരിക്കാനാവുക? കത്തിയും ചോരയും ഇടകലർന്ന, ഒപ്പം യുവത്വം ബലികഴിക്കപ്പെടുന്ന അക്രമങ്ങളെയും അതു തീർക്കുന്ന ഭീതിദ രാഷ്ട്രീയത്തെയും തള്ളിപ്പറയാൻ വലിയൊരു വിഭാഗം ധൈര്യം കാണിക്കുന്നുണ്ട്. രാഷ്ട്രീയ കക്ഷികൾ അതു കേൾക്കാൻ മെനക്കെടുന്നില്ലെന്നു മാത്രം.
കലാപത്തിന്റെ
രാഷ്ട്രീയം
അറിവുകൾക്കപ്പുറം അതിന്റെ പ്രയോഗികതയും കലയും സാഹിത്യവും ഒരുപോലെ ചർച്ച ചെയ്യപ്പെടേണ്ട ഇടങ്ങളാണ് കലാലയങ്ങളെന്ന് പൊതുസമൂഹത്തിന് ഉത്തമബോദ്ധ്യമുണ്ട്. അവിടെ അക്രമത്തിന്റെ വിത്തുകൾ മുളയ്ക്കുമ്പോൾ വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമൊപ്പം പൊതു സമൂഹവും ആശങ്കയിലാണ്.
വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന നിലപാട് കേരള ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയതാണ്. മാതാപിതാക്കൾ മക്കളെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കുന്നത് പഠിക്കാനാണെന്നും, രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും അന്ന് ഹൈക്കോടതി ഓർമ്മപ്പെടുത്തിയിരുന്നു. കലാലയ രാഷ്ട്രീയം അദ്ധ്യയന അന്തരീക്ഷത്തെ തകർക്കുമെന്നു നിരീക്ഷിച്ചാണ് ക്യാമ്പസിൽ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടത്. സമാധാനപരമായ അദ്ധ്യയനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ കൂടി ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു.
പ്രശസ്ത അമേരിക്കൻ ചിന്തകനും മനഃശാസ്ത്രജ്ഞനുമായ ബെഞ്ചമിൻ ബ്ലൂം പറഞ്ഞുവച്ച ബൗദ്ധിക മേഖലയിൽ മാത്രമായി, നാം ബദ്ധശ്രദ്ധരാകുന്നത് വലിയ കുഴപ്പത്തിലേക്കാണ് പുതുതലമുറയെ കൊണ്ടുചെന്ന് എത്തിക്കുന്നത്. മക്കളുടെ ബൗദ്ധിക നിലവാരത്തിനു മാത്രം പ്രാമുഖ്യം നൽകുന്ന മാതാപിതാക്കളും അദ്ധ്യാപക സമൂഹവും, വൈകാരിക വികാസത്തിന്റെ അഭാവവും ചേർന്ന് വിദ്യാർത്ഥികളിലും യുവാക്കളിലും സൃഷ്ടിക്കുന്ന പ്രക്ഷുബ്ദ്ധമായ ഒരന്തരീക്ഷമുണ്ട്. സ്നേഹിക്കാനും ക്ഷമിക്കാനും പരസ്പരം വിട്ടുവീഴ്ച ചെയ്യുവാനും സഹകരണ മനോഭാവത്തോടെയും ത്യാഗമനസ്ഥിതിയോടെയും പരസ്പരം മനസ്സിലാക്കുവാനും വികാരവിക്ഷോഭങ്ങളെ നിയന്ത്രിക്കുവാനും കുട്ടികളെ നമ്മൾ എന്തുകൊണ്ട് പരിശീലിപ്പിക്കുന്നില്ല?
വിദ്യാർത്ഥിയുടെ
സമഗ്ര വികാസം
മഹാത്മാ ഗാന്ധി വിദ്യാഭ്യാസ പ്രക്രിയ സംബന്ധിച്ച് പൊതു സമൂഹത്തിനു മുന്നിൽ വച്ച, വിദ്യാർത്ഥിയുടെ സമഗ്ര വികസനമെന്ന ആശയത്തിലേക്ക് നമ്മൾ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. കുട്ടിയുടെ വൈകാരിക മണ്ഡലത്തിന് പ്രാമുഖ്യം നൽകി അവരിൽ സമഗ്രവികസനം ഉറപ്പു വരുത്തുന്നതിൽ നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. സ്പൂൺ ഫീഡിംഗ് മാതൃകയിൽ നമ്മൾ കുത്തിനിറയ്ക്കുന്ന ബൗദ്ധിക കാര്യങ്ങളുടെ വളർച്ചയ്ക്കൊപ്പം തന്നെ അവരുടെ വൈകാരിക വികാസം കൂടി ലക്ഷ്യംവയ്ക്കണം. അത്തരം തലമുറയിലൂടെ മാത്രമേ നാടിന്റെ സാമൂഹിക വികസനം നമുക്ക് അവകാശപ്പെടാനാകൂ. അതുകൊണ്ടു തന്നെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സമൂഹത്തിനും ഇപ്പോൾ വേണ്ടത് ഉയർന്ന ചിന്തശേഷിയും നന്മയിലേയ്ക്കുള്ള ഉറച്ച കാൽവയ്പ്പുമാണ്. മികച്ച ആശയവിനിമയ ശേഷിയിലൂടെയും സംവേദനക്ഷമതയിലൂടെയും മാത്രമേ അത്തരം നേട്ടം കൈവരിക്കാനാകൂ.
ഉണ്ടാകേണ്ടത്
സ്വത്വബോധം
അവനവന്റെ സ്വത്വം എന്തെന്ന് സ്വതന്ത്രമായി ചർച്ച ചെയ്യപ്പെടുന്ന ഇടങ്ങളിലേ പരസ്പര ബഹുമാനവും ആദരവും വളരുകയുള്ളൂ. താനായിരിക്കുന്ന സ്വത്വത്തെ അറിയുവാനും തന്റെ കൂടെയുള്ളയാളുടെ സ്വത്വത്തെ അതേ വികാരങ്ങളോടെ അംഗീകരിക്കുവാനും സാധിക്കുമ്പോഴാണ് യഥാർത്ഥ സൗഹൃദങ്ങൾ ഉടലെടുക്കുക. അവനവനെക്കുറിച്ച് പൂർണ ബോദ്ധ്യമുള്ളയാൾക്കേ അപരന്റെ ഇഷ്ടവും അനിഷ്ടവും മനസ്സിലാക്കാനും അതിനനുസരിച്ച് മുന്നോട്ടു പോകാനും കഴിയൂ. അത് സ്വാഭാവികമായി ഉടലെടുക്കേണ്ടതും,പാഠപുസ്തകങ്ങളിലൂടെയും സംശയ നിവാരണങ്ങളിലൂടെയും തുറന്ന സംസാരങ്ങളിലൂടെയും ബലപ്പെടേണ്ടതുമാണ്.
പരന്ന വായനയിലൂടെയും ആളുകളുമായുള്ള സംസർഗത്തിലൂടെയുമാണ് കാര്യങ്ങൾ മനസ്സിലാക്കാനുള്ള പക്വതയിലെത്തിച്ചേരുക, വാക്കുകൾക്കും പ്രയോഗങ്ങൾക്കും അതിനാൽത്തന്നെ വലിയ പ്രസക്തിയുമുണ്ട്. പുതിയ വാക്കുകളും പ്രയോഗങ്ങളും പഠിക്കാനും ആശയങ്ങളെ മികവുറ്റ രീതിയിൽ കൈമാറ്റം ചെയ്യാനും അവരെ പ്രാപ്തരാക്കാൻ ശ്രമങ്ങളുണ്ടാകണം. കുട്ടികൾ വീടുകളിലുള്ള സമയത്ത് കുടുംബാംഗങ്ങൾ തമ്മിൽ സൃഷ്ടിപരമായ സംവാദങ്ങൾ നടത്തി, കുടുംബ സദസ്സുകളെ സമ്പുഷ്ടമാക്കാനുള്ള ഉത്തരവാദിത്വം വീട്ടിലെ മുതിർന്നവർക്കുണ്ട്. ഇതോടൊപ്പം, കുടുംബ സദസ്സുകളിൽ മറ്റു വ്യക്തികളുടെ സ്വാതന്ത്ര്യത്തേയും സ്ത്രീകളുടെ അവകാശങ്ങളെയും വ്യതിരിക്ത സംസ്കാരങ്ങളെയും കാഴ്ചപ്പാടുകളെയും ബഹുമാനിക്കാനും അംഗീകരിക്കാനും പരിശീലിപ്പിക്കുക കൂടി
കുടംബത്തിൽ
നിന്ന് തുടക്കം
നല്ല തലമുറയെ വാർത്തെടുക്കുന്നതിലെ പ്രാഥമിക പരിശീലനക്കളരികൾ കുടുംബങ്ങൾ തന്നെയാണ്. കുട്ടിത്തത്തിൽ രൂപപ്പെടുന്ന ചിന്തകളും പ്രവർത്തനങ്ങളും തന്നെയാണ് അവരുടെ സ്വഭാവത്തിന്റെ അടിത്തറ. തുല്യതയുടെയും സമത്വത്തിന്റെയും പാഠങ്ങൾ അവർ പഠിക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. നരവംശശാസ്ത്രജ്ഞരുടെ നിഗമനത്തിൽ, മറ്റു സൃഷ്ടിജാലങ്ങളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അവന്റെ വിവേചന ബുദ്ധിയാണ്. ശരിയും തെറ്റും നിർവചിച്ച് നമ്മെ ശരിയുടെ പക്ഷത്ത് ചേർത്തുനിറുത്തുന്നത് ഈ വിവേചന ശേഷിയാണ്. കാലികമായി പരിശോധിച്ചാൽ മനുഷ്യന്റെ ഈ വിവേചനശേഷി വിപരീത അനുപാതത്തിലാണെന്നു കാണാം.
ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും അയാളുടെ പ്രാഥമികവും മൗലികവുമായ അവകാശങ്ങളെക്കുറിച്ചും നമ്മുടെ കുട്ടികളെ പഠിപ്പിക്കുകയാണ് ആദ്യ പോംവഴി. സ്വാർത്ഥമായ രാഷ്ട്രീയ ചിന്തകൾക്കപ്പുറമുള്ള സഹാനുഭൂതിയും പരസ്പര ആശ്രയബോധവും അവർ പഠിക്കണം. മറ്റുള്ളവർക്കു കൂടി അനുഭവവേദ്യമാകാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും കുടുംബമെന്ന സങ്കൽപ്പത്തെക്കുറിച്ചും അറിയാനുള്ള സാദ്ധ്യതകൾ കൂടി കലാലയ ക്ലാസ് മുറികളിലുണ്ടാകണം. വ്യക്തികളുടെ സ്വാതന്ത്ര്യം അവിടെ പഠന വിഷയമാവുകയും അതു സംബന്ധിച്ച് കൃത്യമായ അവബോധം അവരിൽ സൃഷ്ടിക്കുകയും വേണം.
വർഗീയതയും വംശീയതയും വിഭാഗീയതയും ജാതീയതയും മദിക്കാത്ത ഒരു കർമ്മപഥത്തിന്റെ പരിശീലന കളരിയാണ് നമ്മുടെ വിദ്യാലയങ്ങളും കലാലയങ്ങളും. അവിടെ മൊട്ടിടേണ്ടത് തലമുറകളുടെ സൗഹൃദമാണ്. അവിടെ കൈവരിക്കേണ്ടത് ബൗദ്ധിക അടിത്തറയാണ്. അവിടെ രൂപപ്പെടേണ്ടത് അവനവന്റെ സ്വത്വബോധവും സാമൂഹികബോധവുമാണ്. അവിടെ പ്രഖ്യാപിക്കപ്പെടേണ്ടത് അവരുടെ രാഷ്ട്രബോധമാണ്. ആ രാഷ്ട്രബോധത്തിൽ നിന്നാണ് അവരുടെ പൊതുബോധം ഉടലെടുക്കേണ്ടത്. അവിടെ അക്രമത്തിനും അക്രമ രാഷ്ട്രീയത്തിനും പ്രസക്തിയില്ലെന്നു മാത്രമല്ല, നാളെയുടെ സ്വപ്നങ്ങളെയാണ് അവർ മനസ്സാ വഹിക്കേണ്ടത്.
(തൃശൂർ സെന്റ് തോമസ് കോളേജിൽ അസി. പ്രൊഫസർ ആണ് ലേഖകൻ. ഇ- മെയിൽ: daisonpanengadan@gmail.com)
പ്രാകൃത റാഗിംഗ്
ഇപ്പോഴും?
പി.കെ.ഗോപി
നമ്മുടെ കലാശാലകളിൽ ഇപ്പോഴും മുതിർന്ന സഹപാഠികൾ ഇളയവരെ റാഗിംഗ് ചെയ്ത് 'ശരിപ്പെടുത്താറു'ണ്ടത്രേ! നിയമം മൂലം നിരോധിച്ച ഈ മൃഗീയ വൈകൃതത്തിന് ആധുനിക കാലത്ത് പ്രസക്തിയെന്ത്? ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരുന്ന നാട്ടിൻപുറത്തുകാർക്ക് അന്തർമുഖത്വം മാറാൻ പണ്ടാരോ നടപ്പിൽ വരുത്തിയ ഈ ക്രൂരത, കീഴ്വഴക്കമായി ആഘോഷിക്കുന്ന ചില വിദ്യാർത്ഥികൾ കാട്ടിക്കൂട്ടുന്ന കാടത്തം വീണ്ടും രക്തസാക്ഷിയെ സൃഷ്ടിച്ചിരിക്കുന്നു. തല്ലിക്കൊന്നോ സ്വയം മരണം വരിച്ചോ എന്നൊന്നും സാക്ഷ്യം പറയാൻ കലാശാലയിൽ ആരുമില്ല! മക്കളെ പൊന്നുപോലെ ഓമനിച്ചുവളർത്തുന്ന മാതാപിതാക്കൾ എങ്ങനെ സഹിക്കും?
രാത്രിയുടെ മറവിൽ മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ട അധമസ്വഭാവക്കാർ അഴിഞ്ഞാടുമ്പോൾ, എത്തിനോക്കാൻ പോലും അധികാരികളില്ല. ഉന്നതവിദ്യഭ്യാസം ആഭാസവിക്രിയയുടെ വിളനിലമാകുമ്പോൾ അരുതെന്നു പറയാൻ വിദ്യാത്ഥി സംഘടനകൾ വരുന്നില്ല. സഹപാഠിയെ കിരാതമർദ്ദനത്തിന് വിധേയമാക്കിയാൽ സംതൃപ്തി ലഭിക്കുന്ന സാഡിസ്റ്റുകളെ എങ്ങനെ ക്ലാസിമിലിരുത്തി പഠിപ്പിക്കും? ഏകാഗ്രതയോടെയും ഗവേഷണ ബുദ്ധിയോടെയും പഠിക്കേണ്ട ശാസ്ത്രവിഷയങ്ങൾ എത്രയെങ്കിലുമുണ്ടായിട്ടും, അപരന്റെ ചോര മണത്തു നടക്കുന്ന ഈ ഭ്രാന്തമനസ്കരിൽനിന്ന് സമൂഹത്തിന് എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടോ! ആലോചിക്കേണ്ടതാണ്.
ഒരുപക്ഷേ, ഉന്നത വിദ്യാഭ്യാസ സ്ഥാപനം വരെയെത്തിയ വഴിയിലൊരിടത്തും കാരുണ്യത്തിന്റേയോ മനുഷ്യത്വത്തിന്റേയോ സംസ്കാരം മനസിൽ വീണു മുളച്ചില്ലെന്നാണോ പൊതുസമൂഹം വിലയിരുത്തേണ്ടത്? പൊതുജനങ്ങളോ വാർത്താമാദ്ധ്യമങ്ങളോ അറിയാതെപോകുന്ന ക്രൂരതയുടെ കഥകൾ എത്രയുണ്ടാകുമെന്ന് ഊഹിക്കുക. മരണം സംഭവിച്ചതുകൊണ്ടു മാത്രം പുറത്തുവരുന്ന ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങൾക്ക് പരിഹാരമുണ്ടോ? മൂടിവച്ച് മുഖംമിനുക്കുന്ന സംസ്കാരത്തിനപ്പുറം, അഴുകിപ്പുഴുത്ത മനസുമായി നടക്കുന്നവരെ ഭയക്കാതെ ജീവിക്കാനാവാത്ത അവസ്ഥ നിലനിൽക്കുകയാണ്. തമ്മിലടിക്കുന്ന വിദ്യാർത്ഥി സംഘടനകളും അധികാരികളും വിവേകത്തോടെ ഒന്നിച്ചിരുന്നാലോചിച്ച് പരിഹാരം കാണേണ്ട അടിയന്തര വിഷയമാണത്.