anil

തിരുവനന്തപുരം: അഭിഭാഷകനെ വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം സ്വദേശിയായ വി എസ് അനിലിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ബാറിലെ അഭിഭാഷകനാണ് അനിൽ. അഭിഭാഷകരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തതിന് ശേഷമാണ് അനിൽ ജീവനൊടുക്കിയത്.ഗ്രൂപ്പിൽ അനിലിന്റെ സന്ദേശം കണ്ട സഹപ്രവർത്തകർ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്.

അനിലിന്റെ വാട്സ്ആപ്പ് സന്ദേശം ഇങ്ങനെ

'ആദ്യമായും അവസാനമായുമാണ് ഞാൻ ഈ ഗ്രൂപ്പിൽ കുറിക്കുന്നത്. ജീവിതം അവസാനിപ്പിക്കാൻ പോകുന്ന ഒരാളുടെ കുറിപ്പാണ്. (അവിടെയും പരാജയപ്പെടരുതേ എന്ന് പ്രാർത്ഥിക്കുന്നു ) മറ്റൊരാൾക്കും ഈ അനുഭവം വരാതിരിക്കാനാണ് ഈ മെസ്സേജ്. എന്റെ പേര് അനിൽ വി എസ്. ജൂനിയർ അഡ്വക്കേറ്റ് ആണ്.

ഒരേ ഓഫീസിലെ രണ്ട് ജൂനിയർ അഡ്വക്കേറ്റ്‌സിന്റെ ഹരാസ്‌മെന്റും അതുമൂലമുണ്ടായ അപമാനവും താങ്ങാതെ ഇവിടം വിടുകയാണ്. മിഡ്‌നൈറ്റിൽ ഇവർ ആൾക്കാരെ കൂട്ടി എന്റെ വീട്ടിൽ വന്ന് അട്ടഹസിച്ചു. ജീവിതത്തിൽ ഇതുവരെ ഇങ്ങനെയൊരു സിറ്റുവേഷൻ ഫെയ്‌സ് ചെയ്തിട്ടില്ല. എല്ലാവരുടെ മുന്നിലും അപമാനിക്കപ്പെട്ടു' എന്നാണ് കുറിപ്പിലുള്ളത്. ഇതിനൊപ്പം രണ്ട് ജൂനിയർ അഭിഭാഷകരുടെ പേരും അനിൽ ചേർത്തിട്ടുണ്ട്. ഇവരുമായി അടുക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക. ഇനി ഒരാളുടെ ജീവനോ കുടുംബമോ ഇവർ കാരണം നശിക്കരുത്. അതിനുവേണ്ടിയാണ് ഇത് കുറിച്ചതെന്നും അനിൽ സന്ദേശത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ടൂറിസം വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അനിൽ. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭാര്യ സുധർമ്മിണി (റിട്ട.അക്കൗണ്ട് ജനറൽ ), മക്കൾ ശങ്കരൻ, ശംഭു , ഗൗരി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീട്ടുവളപ്പിൽ വച്ച്.