
വേദകാലങ്ങളിൽ നമ്മുടെ നാട്ടിൽ സമയവും കാലവും കണക്കാക്കിയിരുന്ന രീതി എങ്ങനെയെന്നറിയാമോ?ഒരു വലിയ പാത്രത്തിലെ വെള്ളത്തിൽ ചെറുദ്വാരമുള്ളൊരു കൊച്ചുപാത്രം വയ്‌ക്കും. ഇത് മുങ്ങുന്നതനുസരിച്ച് സമയം കണക്കുകൂട്ടുന്നതായിരുന്നു പണ്ടത്തെ രീതി. ഘടി എന്ന് വിളിക്കുന്ന ഈ പാത്രത്തിൽ കണക്കുകൂട്ടിയിരുന്നതുകൊണ്ടാണ് സമയം അറിയാനുള്ള യന്ത്രത്തെ ഘടികാരം എന്ന് വിളിച്ചത്. പുരാതന കാലം മുതലേ സമയം കണക്കുകൂട്ടാൻ ഇത്തരം വ്യത്യസ്‌തമായ മാർഗങ്ങൾ നമ്മുടെ നാട്ടിലുണ്ടായിരുന്നു.
ഇത്തരത്തിൽ വേദകാലത്തെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ നമ്മുടെ നാട്ടിൽ സമയം അറിയാനുള്ള പുതിയൊരു ക്ളോക്ക് സ്ഥാപിച്ചിട്ടുണ്ട്. മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വേദകാല ക്ളോക്ക് സ്ഥിതി ചെയ്യുന്ന ടവർ ഉദ്ഘാടനം ചെയ്‌തത്. ഭാരതീയ പഞ്ചാംഗം അനുസരിച്ചാണ് ഇതിൽ സമയം അറിയുന്നത്. സമയം മാത്രമല്ല വിവിധ ശുഭ മുഹൂർത്തങ്ങൾ, സൂര്യോദയം, അസ്‌തമയം,സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം തുടങ്ങി ഒരുപിടി വിവരങ്ങൾ ഇതിലൂടെ അറിയാനാകും.
വിക്രമാദിത്യ വേദിക് ക്ളോക്ക്
ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ ക്ളോക്കിന് പേര് വിക്രമാദിത്യ വേദിക് ക്ളോക്കെന്നാണ്. ഉജ്ജയിനിയിലെ ജന്തർ മന്തിറിൽ 85 അടി ഉയരമുള്ള ടവറിലാണ് ഈ ക്ളോക്ക് സ്ഥാപിച്ചിരിക്കുന്നത്. ജിവാജി റാവു നിരീക്ഷണകേന്ദ്രത്തിന് തൊട്ടുചേർന്നാണ് ഇതിന്റെ സ്ഥാനം. ട്രോപ്പിക് ഓഫ് കാൻസർ എന്ന ഉത്തരായന രേഖ കടന്നുപോകുന്നത് ഉജ്ജയിനിലൂടെ ആയതിനാലാണ് ഇത് സ്ഥാപിക്കാൻ ഉജ്ജയിൻ തന്നെ തിരഞ്ഞെടുത്തതെന്നാണ് മഹാരാജ വിക്രമാദിത്യ റിസർച്ച് സെന്റർ ഡയറക്‌ടർ ശ്രീ റാം തിവാരി വ്യക്തമാക്കുന്നത്.
വേദിക് ക്ളോക്കിന്റെ പ്രവർത്തനം
ഒരു സൂര്യോദയം മുതൽ അടുത്ത സൂര്യോദയം വരെ ക്ളോക്കിൽ സമയത്തെ 30 ഭാഗമായി തിരിക്കുന്നു. ഇതിൽ ഓരോ മണിക്കൂറും നമ്മുടെ 48 മിനിട്ടാണ്. ഇത്തരത്തിൽ കൃത്യമായി 24 മണിക്കൂർ സമയം കണക്കാക്കാൻ കഴിയും.

എന്തുകൊണ്ട് ഉജ്ജയിൻ?
വേദകാല കണക്കനുസരിച്ച് ഇന്ത്യയുടെ മദ്ധ്യഭാഗമാണ് ഉജ്ജയിൻ. രാജ്യത്തെ സമയക്രമങ്ങളുടെ വ്യത്യാസം കണക്കാക്കുന്നതും ഉത്തരായന രേഖ കടന്നുപോകുന്ന ഉജ്ജയിൻ വഴിയാണ്. രാജ്യത്തെ ഏറ്റവും പഴയ നിരീക്ഷണ കേന്ദ്രം സവായ് ജെയ്‌സിംഗ് രണ്ടാമൻ സ്ഥാപിച്ചത് ഇവിടെയാണ്. മൂന്ന് നൂറ്റാണ്ട് പഴക്കമുണ്ട് ഇതിന്.
എന്തെല്ലാം കാണാം?
വേദിക് ക്ളോക്കിന്റെ ഇരുവശവും 12 രാശി ചിഹ്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മുഹൂർത്തങ്ങൾ, ജ്യോതിഷത്തിലെ നവഗ്രഹങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇവ ഇതിലൂടെ അറിയാം. വിവിധ ജ്യോതിഷ പ്രവചനങ്ങൾ,സൂര്യോദയം, സൂര്യാസ്‌തമയം,യോഗങ്ങൾ, ഗ്രഹനിലകൾ, ചന്ദ്രന്റെ സ്ഥാനം,സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം എന്നിവയെല്ലാം ഇതിലൂടെ കൃത്യമായി അറിയാം.
പുരാതനകാലത്തെ ഇന്ത്യയിലെ അഭിമാനമായ കണക്കുകൂട്ടൽ രീതി കൃത്യമായി അറിയുക എന്ന ലക്ഷ്യം വച്ചാണ് ക്ളോക്കിനെ ഉജ്ജയിനിൽ തന്നെ സ്ഥാപിച്ചത്.