
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് ബദലായി ശബരി കെ. റൈസ് ഈ ആഴ്ച തന്നെ നൽകാൻ ഭക്ഷ്യവകുപ്പ് തീരുമാനം. 26, 29 രൂപയാണ് വില. സപ്ലൈകോ വിളിച്ച ടെൻഡറിൽ നാല് ഇനം അരി എത്തിക്കാൻ വിതരണക്കാർ തയ്യാറായിട്ടുണ്ട്. അതിൽ രണ്ടിനം അഞ്ച് കിലോ പായ്ക്കറ്റിലാക്കി ശബരി കെ.റൈസ് എന്ന പേരിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ വിൽക്കും.
കെ.റൈസിന് തെലങ്കാനയിൽ നിന്ന് അരി എത്തിക്കാനാണ് സർക്കാർ ആദ്യം ശ്രമിച്ചത്. തെലങ്കാന കൃഷി വകുപ്പ് നൽകിയ അരിയുടെ വില 30 - 35 രൂപയാണ്. വില കുറയ്‌ക്കാൻ തെലങ്കാന സർക്കാരിന് കത്തയച്ചിട്ടുണ്ട്. അതിൽ തീരുമാനം വരുമ്പോഴേക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കെ.റൈസ് വിതരണം നടക്കില്ല. അതുകൊണ്ടാണ് സപ്ലൈകോ ടെൻഡറിൽ ലഭിക്കുന്ന അരി വിൽക്കാൻ തീരുമാനിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ കെ റൈസ് എത്തിക്കുന്നത്. കേന്ദ്രം 29 രൂപ നിരക്കിൽ എത്തിച്ച ഭാരത് റൈസിന്റെ സ്വീകാര്യതയും ഒരു കാരണമാണ്.
തെലങ്കാനയുടെ മെല്ലെപ്പോക്ക്
കെ.റൈസ് രാഷ്ട്രീയമായി മേൽക്കൈ നൽകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. തെലങ്കാനയിൽ നിന്ന് 25, 26 രൂപയ്ക്കെങ്കിലും അരി എത്തിക്കാമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ, അവിടത്തെ കോൺഗ്രസ് സർക്കാർ കേരളത്തിലെ ഇടതു സർക്കാറിന് അരി വില കുറച്ചു നൽകുമോ എന്ന് കാത്തിരുന്നു കാണണം.
കെ. റൈസ് റേഷൻ കാർഡുള്ളവർക്ക്
പച്ചരി 26 രൂപയ്ക്കും കർണാടക 'ജയ' അരി 29 രൂപയ്ക്കും 5 കിലോ പായ്ക്കറ്റുകളിലാക്കി വിൽക്കും
ഒരു കാർഡിന് രണ്ട് പായ്ക്കറ്റുകൾ (10 കിലോ)
ഭാരത് അരി എന്ന പേരിൽ നൽകുന്നത് പൊന്നിയരി എന്ന പച്ചരിയാണ്
ഭാരത് അരിക്ക് റേഷൻ കാർഡ് വേണ്ട. മൊബൈൽ കടകളിലൂടെയാണ് കച്ചവടം
''കെ.റൈസ് സപ്ലൈകോ ഉടൻ വിതരണം ചെയ്യും. സർക്കാർ മുന്നോട്ടു പോവുകയാണ്'
'- ജി.ആർ.അനിൽ, ഭക്ഷ്യമന്ത്രി
റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കാൻ എല്ലാവരും ശ്രദ്ധിക്കണം
തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിംഗിന് കേന്ദ്രസർക്കാർ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.ആർ.അനിൽ കേന്ദ്രഭക്ഷ്യവകുപ്പിന് കത്തയച്ചിട്ടും അനുകൂല മറുപടി ലഭിച്ചില്ല. മഞ്ഞ (എ.എ.വൈ), പിങ്ക്(പി.എച്ച്.എച്ച്) റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളുടേയും മസ്റ്ററിംഗ് മാർച്ച് 31നകം പൂർത്തിയാക്കണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4വരെയും ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 7 വരെയും മസ്റ്ററിംഗ് ഉണ്ടായിരിക്കും. എല്ലാ റേഷൻ കാർഡ് അംഗങ്ങളും അവരവരുടെ റേഷൻ കടകളിൽ നേരിട്ടെത്തി മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
15, 16, 17 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ റേഷൻ കടകൾ അവധിയാണ്. അന്നേ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 7മണി വരെ മസ്റ്ററിംഗ് നടത്താം. 18ന് സംസ്ഥാനത്തെ ഏതു റേഷൻ കടയിലും മസ്റ്ററിംഗ് നടത്തുന്നതിന് അവസരം ഉണ്ട്.